ദോഹ: ലോകകപ്പിന് മുന്നോടിയായി ഖത്തർ വേദിയാവുന്ന ഏറ്റവുംവലിയ രാജ്യാന്തര പോരാട്ടങ്ങൾക്ക് ആരാധകർക്ക് വ്യാഴാഴ്ച മുതൽ ടിക്കറ്റുറപ്പിക്കാം.
ജൂൺ രണ്ടാം വാരത്തിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് േപ്ല ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന വൈകീട്ട് മൂന്ന് മുതൽ ഖത്തർ ഫുട്ബാൾ അസോസിയേഷൻ വെബ്സൈറ്റ് വഴി ആരംഭിക്കും. ജൂൺ ഏഴിന് ആസ്ട്രേലിയ- യു.എ.ഇ ഏഷ്യൻ േപ്ല ഓഫാണ് ആദ്യം. ഈ മത്സരത്തിലെ വിജയികളും തെക്കനമേരിക്കൻ റൗണ്ടിൽ നിന്നുള്ള അഞ്ചാം സ്ഥാനക്കാരായ പെറുവും തമ്മിൽ ജൂൺ 13നാണ് മത്സരം. ജൂൺ 14ന് കോൺകകാഫ് ടീമായ കോസ്റ്ററീകയും ഓഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡും തമ്മിലും ഏറ്റുമുട്ടും.
ലോകകപ്പിൻറെ വേദികളിലൊന്നായ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയമാണ് മൂന്ന് മത്സരങ്ങളുടെയും വേദി. tickets.qfa.qa എന്ന ലിങ്ക് വഴി വ്യാഴാഴ്ച മൂന്ന് മുതൽ ആരാധകർക്ക് ടിക്കറ്റ് വാങ്ങാം. ജനറൽ കാറ്റഗറിയിൽ 30 റിയാലാണ് ടിക്കറ്റ് നിരക്ക്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് സ്വന്തമാക്കാം. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് പ്രിൻറ് ടിക്കറ്റും ഇ-ടിക്കറ്റും ഉപയോഗിക്കാം. രാത്രി ഒമ്പതിനാണ് മത്സരങ്ങൾ.
ജൂൺ 13ന് നടക്കുന്ന േപ്ലഓഫിലെ വിജയികൾ ലോകകപ്പ് ഗ്രൂപ് ഡിയിലേക്ക് നേരിട്ട് യോഗ്യത നേടും. ഫ്രാൻസ്, ഡെന്മാർക്ക്, തുനീഷ്യ ടീമുകളാണ് ഈ ഗ്രൂപ്പിൽ കാത്തിരിക്കുന്നത്. ജൂൺ 14ന് നടക്കുന്ന േപ്ലഓഫിലെ വിജയികൾ ഗ്രൂപ് ‘ഇ’യിലേക്കും യോഗ്യത നേടും. മുൻ ലോകചാമ്പ്യന്മാരായ സ്പെയിൻ, ജർമനി ടീമുകൾക്കൊപ്പം ജപ്പാനാണ് മറ്റൊരു ടീം.