കൊല്ലം : ആളില്ലാതെ കടലിൽ നങ്കൂരമിട്ടിരുന്ന പായ്ക്കപ്പൽ സംശയമുണർത്തിയതിനെ തുടർന്ന് കസ്റ്റഡിൽ എടുത്തു. ഇതിൽ സഞ്ചരിച്ച നെതർലൻഡ്സ് സ്വദേശിയും ഡൈവിങ് വിദഗ്ധനുമായ െജറോൺ എല്യൂട്ട് (47) കൊല്ലം തുറമുഖത്തെത്തിയിരുന്നു. ഇദ്ദേഹത്തെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങൾ ചോദ്യംചെയ്തു. യാത്രാരേഖകളെല്ലാം കൈവശമുള്ളതിനാൽ സംശയകരമായി ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം ലഭിച്ചിരിക്കുന്നത്.
കൊല്ലം തുറമുഖത്തുനിന്നും 200 മീറ്റർ അകലെയാണ് ആളില്ലാതെകിടന്ന പായ്ക്കപ്പൽ പട്രോളിങ്ങിനിടെ കോസ്റ്റൽ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കപ്പലിൽനിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കസ്റ്റംസ് സൂപ്രണ്ട് പറഞ്ഞു. ആറുമാസമായി കൊച്ചി കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഡൈവിങ് പരിശീലനം നൽകിവരികയായിരുന്നു ജെറോൺ. ഇതിനുള്ള അനുമതിയുണ്ടായിരുന്നു. ഗോവ ഉൾപ്പെടെ പല സ്ഥലങ്ങളിലും മുമ്പ് പരിശീലനം നൽകിയിട്ടുണ്ട്. ഫ്രീ ഡൈവിങ് കോച്ച് അസോസിയേഷൻ സ്ഥാപകനാണ്.