വാഷിംഗ്ടൺ ഡിസി: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോക ബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് ചൂണ്ടിക്കാട്ടി.
യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും ഇന്ധനത്തിന് വില ഉയരുന്നത് സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്നും ലോക ബാങ്ക് കണ്ടെത്തി.
കഴിഞ്ഞ മാസം ലോക ബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും റഷ്യയുടെ യുക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്ന് ലോക ബാങ്ക് മേധാവി വിലയിരുത്തി.
ലോക ബാങ്കിന് മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ ലോക്ക്ഡൗണുകള്‍ മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. റഷ്യയെ ഇന്ധനത്തിനായി പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ്, അധിനിവേശവും അതേതുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് കൂട്ടിച്ചേര്‍ത്തു.