ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ ഏമി സാറ്റെര്ത്വെയ്റ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ റണ്‍വേട്ടക്കാരിയാണ് ഏമി സാറ്റെര്ത്വെയ്റ്റ്.
2007ലാണ് ബാറ്റിംഗിന് പേരുകേട്ട ഓള്‍റൗണ്ടറായ ഏമി സാറ്റെര്ത്വെയ്റ്റ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2018ലും 2019ലും ദേശീയ ടീമിനെ നയിച്ചു. 145 ഏകദിനങ്ങളില്‍ 38.33 ശരാശരിയില്‍ 4639 റണ്‍സും രാജ്യാന്തര ടി20യില്‍ 111 മത്സരങ്ങളില്‍ 21.49 ശരാശരിയില്‍ 1784 റണ്‍സും സ്വന്തമാക്കി. ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്. ഇതിനൊപ്പം ഏകദിനത്തില്‍ 50 ഉം ടി20യില്‍ 26 ഉം വിക്കറ്റും പേരിലാക്കി. ടി20യില്‍ ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം സാറ്റെര്‍ത്വെയ്റ്റിന്റെ പേരിലാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ 17 റണ്‍സിന് ആറ് വിക്കറ്റ് നേടുകയായിരുന്നു.
എന്നാല്‍ ബാറ്റിംഗിലാണ് ഏമി സാറ്റെര്ത്വെയ്റ്റ് കൂടുതല്‍ മികച്ചു നിന്നത്. 2016 ടി20 ലോകകപ്പില്‍ ടോപ് സ്കോററായി. 2016-17 സീസണിലായി തുടര്‍ച്ചയായി നാല് ഏകദിന സെഞ്ചുറികളുമായി റെക്കോര്‍ഡിട്ടു.