ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് ഉൾപ്പെടെ ഗൾഫ് മേഖലയിൽ വീശിയടിച്ച പൊടിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി ഖത്തറിലും ജനജീവിതം ദുസ്സഹമാക്കി. കാലാവസ്ഥ വിഭാഗം നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ രാത്രിയിലും പകലിലും അന്തരീക്ഷം.ആകാശമാകെ…
ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് ഉൾപ്പെടെ ഗൾഫ് മേഖലയിൽ വീശിയടിച്ച പൊടിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി ഖത്തറിലും ജനജീവിതം ദുസ്സഹമാക്കി. കാലാവസ്ഥ വിഭാഗം നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ രാത്രിയിലും പകലിലും അന്തരീക്ഷം.
ആകാശമാകെ ചുവപ്പുനിറത്തിലാക്കി, മൂടിക്കെട്ടിയെത്തിയ കാലാവസ്ഥയിൽ വാഹന ഗതാഗതമാകെ ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച ദൃശ്യപരത രാജ്യത്തിൻറെ പലഭാഗങ്ങളിലും രണ്ട് കിലോമീറ്ററിലും കുറഞ്ഞതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗത്തിൽ വീശുമെന്നും ചില സമയങ്ങളിൽ 32 നോട്ട് വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കടൽതീരത്ത് പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും രൂപപ്പെടുക. ചൊവ്വാഴ്ച രാവിലെ, ദോഹ കോർണിഷിൽ വാഹനാപകടം ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു.