മസ്കത്ത്: രാജ്യത്ത് ഇതുവരെ കുരങ്ങുപനിയുടെ സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും പൂർണമായി നേരിടാൻ തയാറാണെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്നവരുമായി, പ്രത്യേകിച്ച് ചുണങ്ങോ ചർമരോഗങ്ങളോ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.
രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വദേശികളും വിദേശികളും സ്വീകരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കുക, സാനിറ്റൈസറും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ശുചീകരിക്കുക തുടങ്ങിയ ആരോഗ്യശീലങ്ങൾ തുടരുന്നത് നല്ലതാണ്. ഔദ്യോഗിക ഉറവിടങ്ങളിനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലുമായി നിരവധി രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ ജാഗ്രതാ നിർദേശം നൽകിയത്.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു ഡസൻ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വ്യാപനഭീഷണിയില്ല.യു.കെയുടെ നാഷനൽ ഹെൽത്ത് സർവിസ് പറയുന്നതനുസരിച്ച് കുരങ്ങുപനി ഒരു അപൂർവ വൈറൽ അണുബാധയാണ്.