കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് കുവൈത്ത് മന്ത്രിസഭ. കഴിഞ്ഞ ദിവസം ചേർന്ന കാബിനറ്റ് യോഗം അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും ക്ഷാമവും സംബന്ധിച്ച ആഗോള സാഹചര്യങ്ങൾ വിലയിരുത്തി. റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്നാണ് ഭക്ഷ്യവില കുതിച്ചുയർന്നതെന്ന് യോഗം വിലയിരുത്തി. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും പ്രധാന ഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി മിനിസ്റ്റീരിയൽ അഡ്ഹോക് കമ്മിറ്റിക്കും മന്ത്രിസഭ രൂപം നൽകി. ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസ് ആണ് സമിതിയുടെ തലവൻ. കുവൈത്ത് 95 ശതമാനം ഭക്ഷ്യ വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. ആഗോള തലത്തിലുള്ള വിലക്കയറ്റവും ക്ഷാമവും കുവൈത്തിനെയും ബാധിക്കും. ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾ ഗോതമ്പിന് കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയത് ബാധിക്കാതിരിക്കാൻ മറ്റു രാജ്യങ്ങളുമായി ധാരണയിലെത്താനാണ് ശ്രമിക്കുന്നത്.