കൊൽക്കത്ത: ഐ ലീഗിലെ മികച്ച പ്രകടനം എ.എഫ്.സി കപ്പിൽ ആവർത്തിക്കാനാവാതെ ഗോകുലം കേരള എഫ്.സിക്ക് മടക്കം. ഗ്രൂപ് ഡി യിൽ ചൊവ്വാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ട് ഗോകുലം പുറത്തായി.
36ാം മിനിറ്റിൽ റോബിഞ്ഞോയുടെ ഗോളിൽ ബസുന്ധര മുന്നിലെത്തിയിരുന്നു. 54ാം മിനിറ്റിൽ നുഹ മറോങ് ലീഡ് രണ്ടാക്കി ഉയർത്തിയതോടെ അപകടം മണത്ത ഗോകുലം ഉണർന്നു കളിച്ചു. 75ാം മിനിറ്റിൽ ജോർദാൻ ഫ്ലച്ചറിലൂടെ ഒരു ഗോൾ മാത്രമാണ് മടക്കാനായത്. ആദ്യ കളിയിൽ എ.ടി.കെ മോഹൻ ബഗാനെ രണ്ടിനെതിരെ നാല് ഗോളിന് വീഴ്ത്തിയ ഗോകുലം രണ്ടാം മത്സരത്തിൽ മാലദ്വീപ് ക്ലബ്ബായ മസിയയോട് 0-1ന് തോറ്റിരുന്നു.
ഇന്നലെ ജയത്തോടൊപ്പം എ.ടി.കെ-മസിയ ഫലത്തെയും ആശ്രയിക്കേണ്ടിയിരുന്നു മലബാറിയൻസിന് ഗ്രൂപ് കടക്കാൻ. കളിയുടെ തുടക്കം മുതൽ ശക്തമായ മുന്നേറ്റം നടത്തിയ ബസുന്ധര കിങ് 22 ഷോട്ടുകളാണ് ഗോകുലത്തിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
എന്നാൽ ഗോകുലത്തിന്റെ പോരാട്ടം ഒമ്പതെണ്ണത്തിലൊതുങ്ങി. ഇതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. മൂന്ന് മത്സരത്തിൽ നിന്ന് മൂന്ന് പോയന്റ് മാത്രമാണ് ഗോകുലത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷത്തെ ഐ ലീഗ് ജേതാക്കളെന്ന നിലയിലായിരുന്നു ഇതാദ്യമായി എ.എഫ്.സി കപ്പ് ടിക്കറ്റ്. സീസണിലെ ഗോകുലം കേരളയുടെ യാത്രക്ക് തോൽവിയോടെ അവസാനമായി.