ജിദ്ദ: നിയോം സിറ്റി വിമാനത്താവളത്തിൽ നിന്ന് തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനസർവിസുകൾ ആരംഭിക്കുന്നു. സൗദി എയർലൈൻസാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തുകയെന്നും 2022 ജൂൺ ആദ്യത്തിൽ ദുബൈയിലേക്ക് പ്രതിവാര സർവീസുകളുണ്ടാകുമെന്നും നിയോം കമ്പനി വ്യക്തമാക്കി. ഭാവിയിൽ ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നിയോം വിമാനത്താവളം വഴിയുള്ള വാണിജ്യ സേവനങ്ങളുടെ തുടക്കമായി ഈ നടപടിയെ കണക്കാക്കും. ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനം ആളുകൾക്ക് മൂന്ന് ഭൂഖണ്ഡങ്ങിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ നിയോമിൽ എത്തിച്ചേരാനാകുമെന്നും നിയോം കമ്പനി പറഞ്ഞു.
നിയോം കമ്പനിയുമായുള്ള പങ്കാളിത്തം സൗദി എയർലൈൻസിന്റെ അഭിലാഷത്തിനും വിഷൻ 2030നെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾക്കും അനുസൃതമാണെന്ന് സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. അതിഥികളുടെ സഞ്ചാരം വർധിപ്പിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിലെ രാജ്യത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായി നിയോം വിമാനത്താവളം മാറും. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും.
നിയോമിലെ വികസന ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഈ സവിശേഷ ലക്ഷ്യസ്ഥാനത്തിലൂടെയുള്ള വ്യോമഗതാഗതത്തിനുള്ള ആവശ്യം വർധിക്കും. സൗദി എയർലൈൻസിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും സൗദിയ ഡയറക്ടർ ജനറൽ പറഞ്ഞു.