നിയോം സിറ്റി വിമാനത്താവളത്തിൽ നിന്ന്​ അന്താരാഷ്​ട്ര വിമാനസർവിസുകൾ ആരംഭിക്കുന്നു

ജിദ്ദ: നിയോം സിറ്റി വിമാനത്താവളത്തിൽ നിന്ന്​ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ അന്താരാഷ്​ട്ര വിമാനസർവിസുകൾ ആരംഭിക്കുന്നു. സൗദി എയർലൈൻസാണ്​ അന്താരാഷ്​ട്ര സർവീസുകൾ നടത്തുകയെന്നും 2022 ജൂൺ ആദ്യത്തിൽ ദുബൈയിലേക്ക്​ പ്രതിവാര സർവീസുകളുണ്ടാകുമെന്നും നിയോം കമ്പനി വ്യക്തമാക്കി. ഭാവിയിൽ ലണ്ടനിലേക്ക്​ നേരിട്ട്​ വിമാന സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്​. നിയോം വിമാനത്താവളം വഴിയുള്ള വാണിജ്യ സേവനങ്ങളുടെ തുടക്കമായി ഈ നടപടിയെ കണക്കാക്കും. ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനം ആളുകൾക്ക്​ ​മൂന്ന്​ ഭൂഖണ്ഡങ്ങിൽ നിന്ന്​ നാല്​ മണിക്കൂറിനുള്ളിൽ നിയോമിൽ എത്തിച്ചേരാനാകുമെന്നും നിയോം കമ്പനി പറഞ്ഞു.

നിയോം കമ്പനിയുമായുള്ള പങ്കാളിത്തം സൗദി എയർലൈൻസിന്റെ അഭിലാഷത്തിനും വിഷൻ 2030നെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾക്കും അനുസൃതമാണെന്ന്​ സൗദിയ ഡയറക്​ടർ ജനറൽ എൻജിനീയർ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. അതിഥികളുടെ സഞ്ചാരം വർധിപ്പിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിലെ രാജ്യത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായി നിയോം വിമാനത്താവളം മാറും​. കൂടുതൽ അന്താരാഷ്​ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ സർവിസുകൾ വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും.

നിയോമിലെ വികസന ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഈ സവിശേഷ ലക്ഷ്യസ്ഥാനത്തിലൂടെയുള്ള വ്യോമഗതാഗതത്തിനുള്ള ആവശ്യം വർധിക്കും. സൗദി എയർലൈൻസിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും സൗദിയ ഡയറക്​ടർ ജനറൽ പറഞ്ഞു.