കൊല്‍ക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയര്‍ മത്സരം ഇന്ന് നടക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ വളരെ പ്രതീക്ഷയിലാണ്. സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ഫൈനല്‍ തേടി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുഖാമുഖം വരികയാണ്. അരങ്ങേറ്റ സീസണില്‍ തന്നെ വിസ്മയ കുതിപ്പുമായി അമ്പരപ്പിച്ച ഗുജറാത്തിനെതിരെ പ്ലേയിംഗ് ഇലവനില്‍ ഭാഗ്യപരീക്ഷണത്തിന് സഞ്ജു സാംസണ് ഒരിഞ്ച് പോലും സാധ്യതയില്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ തന്നെ അണിനിരത്താന്‍ രാജസ്ഥാന് നിര്‍ബന്ധിതരാവും.
യശസ്വി ജയ്സ്വാള്‍-ജോസ് ബട്ലര് സഖ്യമാകും രാജസ്ഥാന് റോയല്‍സിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഇരുവരും നല്കുന്ന തുടക്കം നിര്‍ണായകമാകും. സീസണിന്റെ ആദ്യ ഘട്ടത്തിലെ ഫോമിലേക്ക് ബട്ലര് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം ജയ്സ്വാള്‍ ഫോമിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 44 പന്തില്‍ 59 റണ്‍സ് നേടിയിരുന്നു. നായകന് സഞ്ജു സാംസണ്, മറ്റൊരു മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ പ്രകടനം നിര്ണായമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.