യാംബു: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള എല്ലാ സാംസ്‌കാരിക പൈതൃക സംരക്ഷണ കേന്ദ്രങ്ങളും പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ തിങ്കളാഴ്ച മുതൽ തുറന്നു കൊടുക്കുന്നതായി സൗദി ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. ചരിത്രത്തിന്റെ ശേഷിപ്പുകളായി കാലങ്ങളായി സംരക്ഷിച്ചു വരുന്ന സൗദിയിലെ വിവിധ പൈതൃക സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് അറബ് സംസ്‌കാരത്തിന്റെ നാൾവഴികൾ അറിയാനും ചരിത്രാവബോധം ലഭിക്കാനും സഹായിക്കുമെന്ന് കമീഷൻ വക്താവ് അഭിപ്രായപ്പെട്ടു.
സന്ദർശകരെ കാത്തിരിക്കുന്ന പ്രധാന പൈതൃക സൈറ്റുകളും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ച സമയവും കമീഷൻ വ്യക്തമാക്കി. തബൂക്കിലെ ദുബയിലെ ചരിത്രപ്രസിദ്ധമായ കിങ് അബ്ദുൽ അസീസ് കോട്ട ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിലും വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതലും സന്ദർശകർക്കായി തുറക്കും. തബൂക്കിലെ മദാഇൻ ശുഐബ് (മഗാഇർ ഷുഐബ്) ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ സന്ദർശകരെ സ്വീകരിക്കും. വെള്ളിയാഴ്ചകളിൽ സന്ദർശന സമയം വൈകീട്ട് മൂന്ന് മുതൽ ആറ് മണി വരെയാണ്.