ജക്കാര്‍ത്ത: ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാർത്തി ശെൽവമാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കെതിരേ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാകിസ്താന് സമനില ഗോള്‍ നേടിയത്.
മത്സരം തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. 20 കാരനായ കാര്‍ത്തി സെല്‍വം പെനാല്‍ട്ടി കോര്‍ണറിലൂടെയാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ താരത്തിന് കഴിഞ്ഞു. പിന്നീടുള്ള രണ്ട് ക്വാര്‍ട്ടറുകളിലും ഇന്ത്യ 1-0 ന്റെ ലീഡ് കാത്തുസൂക്ഷിച്ചു.
എന്നാൽ, മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ വിജയമോഹങ്ങൾ തകർത്ത് പാക് ഗോൾ. പെനാൽറ്റി കോർണർ ആണ് പാക് താരം അബ്ദുൽ റാണ ഗോളാക്കിമാറ്റിയത്.
പൂള് എ യിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ പാകിസ്താന്, ജപ്പാന്, ആതിഥേയരായ ഇന്‍ഡൊനീഷ്യ എന്നിവരും പൂള് എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പൂള് ബിയില്‍ മലേഷ്യ, കൊറിയ, ഒമാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ മാറ്റുരയ്ക്കും.