മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണിന്റെ (22 പന്തിൽ 49 നോട്ടൗട്ട്) മികച്ച ബാറ്റിംഗ് മികവാണ് പഞ്ചാബിന് തുണയായത്.
158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് ഓപ്പണർ ജോണി ബെയർസ്റ്റോ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ആദ്യം തന്നെ ബയര്‍സ്റ്റോയെ (23) ഫസൽഹഖ് ഫറൂഖി മടക്കിയയച്ചു. പവർപ്ലേ ഓവറുകളിൽ പരമാവധി റൺസ് കണ്ടെത്താനുള്ള പഞ്ചാബ് നീക്കം ടീമിന് കരുത്തേകി. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഷാരൂഖ് ഖാൻ (19) ഉമ്രാൻ മാലിക്കിന്റെ പന്തിൽ പുറത്തായി. അഞ്ചാമതെത്തിയ ലിയാം ലിവിങ്സ്റ്റൻ ടൂർണമെന്റിലെ മികച്ച വെടിക്കെട്ട് പുറത്തെടുത്തു. മറുവശത്ത് ശിഖർ ധവാനും കരുത്തേകി. എന്നാൽ ഫറൂഖിക്ക് മുൻപിൽ ധവാന്റെ പോരാട്ടം (39) അവസാനിച്ചു. ധവാൻ പുറത്തായശേഷമെത്തിയ ജിതേഷ് ശർമയും ടൂർണമെന്റിലെ മികച്ച ഫോം തുടർന്നു.
ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 157 റൺസാണ് നേടിയത്. ഹൈദരാബാദിനായി അഭിഷേക് ശര്‍മ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ പഞ്ചാബ് 14 പോയിന്റോടെ ആറാം സ്ഥാനത്ത് സീസണ് അവസാനിപ്പിച്ചു. 12 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തും.