മാഞ്ചസ്റ്റര്‍: നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ആസ്റ്റണ്‍വില്ലയെ പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ആറു മിനിറ്റിനുള്ളില്‍ നേടിയ മൂന്ന് ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നേടിക്കൊടുത്തത്.
സിറ്റി തോറ്റിരുന്നെങ്കില്‍ ലിവര്‍പൂളിന് കിരീടമുയര്‍ത്താനുള്ള അവസരമുണ്ടായിരുന്നു. അവര്‍ വോള്‍വ്ഫിനെ 3-1ന് തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സിറ്റിയുടെ ജയം പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. സിറ്റി വിജയിച്ചതോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തായി.
76മിനിറ്റ് വരെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു. മാറ്റി കാഷ്, ഫിലിപെ കുടിഞ്ഞോ എന്നിവരാണ് ആസ്റ്റണ്‍ വില്ലയ്ക്കായി ഗോള്‍ നേടിയിരുന്നത്. എന്നാല്‍ ഗുണ്ടോഗന്റെ ഇരട്ട ഗോള്‍ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഗുണ്ടോഗന് സിറ്റിക്ക് കിരീടം സമ്മാനിച്ചു. 38 മത്സരങ്ങളില്‍ 93 പോയിന്റാണ് സിറ്റിക്കുള്ളത്.
ലിവര്‍പൂള്‍ 92 പോയിന്റുമായി രണ്ടാമതായി. വോള്‍വ്സിനെതിരെ ലിവര്‍പൂള്‍ മൂന്നാം മിനിറ്റില്‍ തന്നെ പിന്നിലായി. എന്നാല്‍ 24-ാം മിനിറ്റില്‍ സാദിയോ മാനെ ടീമിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിക്കെ 84-ാം മിനിറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 89-ാം മിനിറ്റില്‍ ആന്‍ഡ്രൂ റോബേര്ട്സണ് പട്ടിക പൂര്‍ത്തിയാക്കിയെങ്കിലും സിറ്റി വിജയാഘോഷം തുടങ്ങിയിരുന്നു.
74 പോയിന്റുള്ള ചെല്‍സിയാണ് നാലാം സ്ഥാനത്ത്. 71 പോയിന്റുള്ള ടോട്ടന്‍ഹാം നാലാ സ്ഥാനത്താണ്. ഇവര്‍ യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. 69 പോയിന്റുള്ള ആഴ്സനല്‍ അഞ്ചാമതാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്തും. ഇരുവരും യുവേഫ യൂറോപ്പ ലീഗ് കളിക്കും.