ദുബായ്∙ പുത്തൻ ഉണർവ് വ്യക്തമാക്കി യുഎഇയിലെ വിനോദസഞ്ചാരമേഖല ഈ വർഷം ആദ്യപാദത്തിൽ മിന്നുന്ന പ്രകടനമാണ് നടത്തിയതെന്ന് കണക്കുകൾ.
കോവിഡിനു മുൻപുള്ള കാലത്തെക്കാളും വലിയ കുതിച്ചു ചാട്ടമാണ് ഈ വർഷം ആദ്യ മാസങ്ങളിൽ യുഎഇ നടത്തിയതെന്ന് യുഎഇ സംരംഭകത്വ മന്ത്രിയും വിനോദ സഞ്ചാര കൗൺസിൽ ചെയർമാനുമായ ഡോ.അഹമ്മദ് ബൽഹൌൽ അൽ ഫലാസി വ്യക്തമാക്കി.
വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്ന്. സൗദി, യുകെ, റഷ്യ, അമേരിക്ക എന്നിങ്ങനെയാണ് തുടർന്നുള്ള രാജ്യങ്ങളുടെ സ്ഥാനം. വരുമാനത്തിനും ഹോട്ടൽ മുറികൾ വാടകയ്ക്കു പോയ കാര്യത്തിലും മികച്ച മുന്നേറ്റമാണ് ഈ വർഷം ആദ്യം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവ് അപേക്ഷിച്ച് 20% വർധന. 1100 കോടി ദിർഹം ഈ വർഷം ആദ്യ പാദത്തിലെ വരുമാനം. ഹോട്ടലുകളിലെ ഒക്കുപൻസി നിരക്കാകട്ടെ ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയർച്ച രേഖപ്പെടുത്തി 80% ആയി. മേഖലയിലും രാജ്യാന്തര തലത്തിലും യുഎഇയുടെ ഈ രംഗത്തെ മികവാണ് ഇതിലൂടെ െവളിപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിനോദ സഞ്ചാര മേഖലയിലെ കണക്കുകൾ അനുസരിച്ച് ഈ വർഷം ആദ്യപാദത്തിൽ 60 ലക്ഷം പേരാണ് വിനോദസഞ്ചാരത്തിന് എത്തിയത്. ഇവർ രണ്ടരക്കോടി രാത്രികൾ ചെലവഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പത്തു ശതമാനം വർധനയാണിത്. ഹോട്ടലുകളിലെ താമസത്തിന്റെ കാലയളവിലും വർധന. 25% വരെയാണ് ഇക്കാര്യത്തിൽ വളർച്ചാനിരക്ക് കാണിച്ചിരിക്കുന്നത്. മൂന്നും നാലും രാത്രികൾ മാത്രം മുൻവർഷങ്ങളിൽ ചെലവിട്ടതിൽ നിന്നു വ്യത്യസ്തമാണിത്.