അബൂദബി: ഗതാഗത നിയമ ലംഘനങ്ങൾ മൂലം ഒരുവർഷം 24 ബ്ലാക്ക് പോയൻറ് കിട്ടി ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെട്ടവർക്ക് ഇവ തിരിച്ചെടുക്കാൻ അവസരം. അധികൃതർ നൽകുന്ന നിയമ കോഴ്സിൽ പങ്കെടുക്കുകയും പിഴയായ 2400 ദിർഹം അടക്കുകയുമാണ് ഇതിനായി ചെയ്യേണ്ടത്. പിഴത്തുക ഒരുമിച്ച് അടക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ഭാരം ഒഴിവാക്കാൻ എമിറേറ്റിലെ അഞ്ച് പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് ലോൺ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കൊമേഴ്സ്യൽ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, മഷ്രിഖ്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നാണ് പലിശ രഹിത വായ്പ ഒരുവർഷത്തെ കാലാവധിയിൽ നൽകുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കിൽ ഡ്രൈവർമാർക്ക് മേൽപറഞ്ഞ ഏതെങ്കിലുമൊരു ബാങ്കിൽ ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണം.
ഇതിനുശേഷം നിയമ കോഴ്സിൽ ചേരാൻ രജിസ്റ്റർ ചെയ്യുകയും 800 ദിർഹം ഫീസ് കെട്ടുകയും വേണം. പിഴ ഒടുക്കാത്ത വാഹനങ്ങൾക്ക് മേൽ കർശന നടപടി സ്വീകരിക്കുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗതാഗത നിയമലംഘനത്തിനുള്ള പിഴ 7000 ദിർഹത്തിനു മുകളിലായവർ തുക ഉടൻ അടക്കണമെന്നും അല്ലാത്തപക്ഷം വാഹനം ലേലത്തിൽ വിൽക്കുമെന്നുമാണ് അറിയിച്ചത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് മൂന്നുമാസം വരെ സൂക്ഷിക്കും. എന്നിട്ടും പിഴയൊടുക്കിയില്ലെങ്കിൽ ലേലത്തിൽ വിൽക്കും.