മസ്കത്ത്: ഇറാൻ പ്രസിഡൻറ് ഇബ്റാഹീം അൽ റൈസി തിങ്കളാഴ്ച ഒമാൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇറാൻ പ്രസിഡൻറിൻറെ സന്ദർശനം സഹായകമാവും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡൻറ് ഇബ്റാഹീം അൽ റൈസിയും സന്ദർശനത്തിനിടെ കൂടിക്കാഴ്ച നടത്തും. ഇറാനുമായുള്ള അയൽപക്ക ബന്ധത്തിനും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഒമാൻ മുന്തിയ പരിഗണന നൽകുന്നതായി ഒമാനിലെ ഇറാൻ അംബാസഡർ അലി നജാഫി പറഞ്ഞു.
സാമ്പത്തിക മേഖലകളിൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സന്ദർശനത്തിലൂടെ നടക്കുമെന്നും മേഖലയിലെ വികസനത്തിന് ഒമാൻ നടത്തുന്ന നിർമാണാത്മകമായ പിന്തുണ സ്വാഗതം ചെയ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഇറാനും ഒമാനും തമ്മിൽ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഇറാൻ വ്യവസായ, ഖനന, വാണിജ്യ ഉപമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം കഴിഞ്ഞ ആഴ്ച ഒമാൻ സന്ദർശിച്ചിരുന്നു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനുമായി ഒമാനിലെ ബിസിനസ് രംഗത്തെ പ്രമുഖരുമായും സംഘം ചർച്ചകൾ നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലയിലെ ബിസിനസുകാരെ പങ്കെടുപ്പിച്ചുള്ള ബിസിനസ് ടു ബിസിനസ് മീറ്റിങ് ഇരുരാജ്യങ്ങളുടെയും സംയുക്ത വ്യാപാര, നിക്ഷേപ മേഖലകളിൽ ബന്ധം കൂടുതൽ വിശാലമാക്കാൻ സഹായകമാവുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ റിദാ ജുമാ സാലിഹ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധം 2020ൽ 306.043 ദശലക്ഷം ഡോളറായിരുന്നു. ഇതിൽ 175.207 ഡോളർ ഒമാന്റെ കയറ്റുമതിയും 130.836 ഡോളർ ഇറാന്റെ ഇറക്കുമതിയുമാണ്. ഇറാനും ഒമാനും തമ്മിൽ 50 വർഷത്തിലധികം പഴക്കമുള്ള സുദൃഢബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പരമാവധി ശക്തിപ്പെടുത്താനും സാമ്പത്തിക വാണിജ്യമേഖലകളിൽ കൂടുതൽ വ്യാപിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഒമാനും റഷ്യയും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ കഴിഞ്ഞ വർഷം 1.336 ശതകോടി ഡോളറിൽ എത്തിയിരുന്നു. ഒമാനിൽ 2710 ഇറാനിയൻ കമ്പനികൾ നിക്ഷേപം ഇറക്കുന്നുണ്ട്. ഇതിൽ 1163 കമ്പനികളിൽ പൂർണമായ ഇറാൻ നിക്ഷേപവും 1547 കമ്പനികളിൽ ഇറാൻ ഒമാൻ സംയുക്ത നിക്ഷേപവുമാണ്. ഒമാനും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഇറക്കുമതിയും കയറ്റുമതിയും കഴിഞ്ഞവർഷം 1.4 ശതകോടി ടണ്ണാണ്. ഒമാനും ഇറാനും ഇടയിൽ ദിവസവും അഞ്ചു മുതൽ ഏഴു വരെ വാണിജ്യ കപ്പലുകൾ സർവിസ് നടത്തുന്നുണ്ട്.