ദുബൈ: തടവുകാർക്ക് സഹായഹസ്തം നീട്ടി ദുബൈ പൊലീസ്. റമദാനിലെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി 17 തടവുകാരുടെ പിഴ അടച്ച് അവർക്ക് മോചനം ഒരുക്കി.
ഇതിനു പുറമെ 35 ജയിൽപുള്ളികൾക്ക് നാട്ടിലെത്താനുള്ള ടിക്കറ്റും പൊലീസ് നൽകി.
വാഹനാപകടങ്ങളിലും മറ്റും ഇരകൾക്ക് ദിയാധനം നൽകാൻ കഴിയാതെ ജയിലിൽ തുടരേണ്ടിവന്നവർ, പണം കുടിശ്ശിക വരുത്തിയതിൻറെ പേരിൽ ജയിലിൽ തുടരേണ്ടി വന്നവർ തുടങ്ങിയവർക്കാണ് പൊലീസ് തന്നെ മോചനത്തിന് വഴിയൊരുക്കിയത്. ദുബൈ പൊലീസിൻറെ കറക്ഷനൽ ആൻഡ് പുനിറ്റീവ് വിഭാഗമാണ് വിവിധ ചാരിറ്റി സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 9,53,965 ദിർഹം കണ്ടെത്തി 17 തടവുകാരെ മോചിപ്പിച്ചത്.
35 തടവുകാർക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് നൽകുന്നതിന് 57,220 ദിർഹമും പൊലീസ് കണ്ടെത്തി നൽകി.
നിയമലംഘനം നടത്തിയവർക്ക് സ്വയം തിരുത്താനും പുതിയൊരു ജീവിതം നയിക്കാനും അവസരമൊരുക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്ന് കറക്ടീവ് ആൻഡ് പുനിറ്റീവ് വകുപ്പ് ഡയറക്ടർ മേജർ ജനറൽ അലി മുഹമ്മദ് അൽ ഷമാലി പറഞ്ഞു. ഈ ഉദ്യമത്തിന് പൊലീസിനെ പിന്തുണക്കാൻ മുന്നോട്ടുവന്ന ഉദാരമനസ്കരായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പൊലീസ് നന്ദി അറിയിച്ചു.