അബൂദബി/ദുബൈ: ലോകത്ത് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനിക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇയിലെ വിവിധ ആരോഗ്യ വിഭാഗങ്ങൾ.
യു.എസിലും യൂറോപ്പിലും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പനിക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്നാണ് അബൂദബി ആരോഗ്യ വിഭാഗവും ദുബൈ ഹെൽത്ത് അതോറിറ്റിയും ആവശ്യപ്പെട്ടു. അബൂദബി പബ്ലിക് ഹെൽത്ത് സെൻററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് പകർച്ചവ്യാധി പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
കുരങ്ങുപനിയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടിയന്തരമായി ഇടപെടാൻ അബൂദബി ആരോഗ്യ വിഭാഗവും ബന്ധപ്പെട്ടവരോട് നിർദേശിച്ചിട്ടുണ്ട്.
മുൻകരുതലിൻറെ ഭാഗമായി, അണുബാധ കേസുകൾ കണ്ടെത്താൻ ആവശ്യമായ മെഡിക്കൽ നടപടികൾ സ്വീകരിക്കാനും അബൂദബിയിലെ എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സാംക്രമിക രോഗങ്ങൾക്കെതിരെ ജനങ്ങളും ജാഗ്രത പാലിക്കണം.
ശുചിത്വമാണ് പ്രധാനം. പകർച്ചവ്യാധികളുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടിയന്തരമായി ആശുപത്രികളിൽ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണമെന്നും അധികൃതർ അറിയിച്ചു.