മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ച്ചുതകര്ത്ത് മുംബൈ ഇന്ത്യന്‍സ്. നിര്‍ണായക മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചതോടെ ഡല്‍ഹിയെ മറികടന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തി. 160 റണ്‍സ് വിജയലക്ഷ്യം മുംബൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു.
ടിം ഡേവിഡിന്റേയും (11 പന്തിൽ 34) തിലക് വർമയുടെയും (21) ബാറ്റിങ്ങാണ് മുംബൈ ഇന്ത്യൻസിന് തുണയായത്. മുംബൈ വിജയിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിൽ കടന്നു. ലക്നൗ സൂപ്പർ ജയന്റ്സാണ് ബാംഗ്ലൂരിന്റെ എതിരാളി.
160 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ (2) നഷ്ടമായി. മൂന്നാമനായിറങ്ങിയ ഡെവാൾഡ് ബ്രെവിസ് കരുത്തോടെ ബാറ്റ് വീശിയതോടെ മത്സരത്തിൽ മുംബൈ മടങ്ങിയെത്തി.
എന്നാൽ ഇഷാൻ കിഷൻ (48) കുൽദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇഷാൻ പുറത്തായതിന് പിന്നാലെ ബ്രെവിസിനെ വീഴ്ത്തി ശാർദൂൽ ഠാക്കൂർ ഡൽഹിയെ മത്സരത്തിൽ മടക്കിയെത്തിച്ചു.
എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ടിം ഡേവിഡും തിലക് വർമയും സമർഥമായ ഷോട്ടുകളിലൂടെയും കൂറ്റനടികളിലൂടെയും മുന്നോട്ടുനീങ്ങി. അവസാന ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും മുംബൈ വിജയതീരം കടക്കുകയായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായി രമണ്‍ദീപ്(13*) ജയമുറപ്പിച്ചു. ഡാനിയേല്‍ സാംസ്(0*) കൂടെ പുറത്താകാതെ നിന്നു.
നേരത്തേ, മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റിന് 159 റൺസ് നേടി. പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം റോവ്മാന്‍ പവലും(34 പന്തില്‍ 43), നായകന് റിഷഭ് പന്തും(33 പന്തില്‍ 39) ചേര്‍ന്നാണ് ഡല്‍ഹിയെ കരകയറ്റിയത്. അവസാന ഓവറുകളില്‍ 10 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്ന അക്സര്‍ പട്ടേലും നിര്‍ണായകമായി. ജസ്പ്രീത് ബുമ്ര മൂന്നും രമണ്‍ദീപ് സിംഗ് രണ്ടും ഡാനിയേല്‍ സാംസും മായങ്ക് അഗര്‍വാളും ഓരോ വിക്കറ്റ് നേടി.