കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ജലീബ് അൽ ശുയൂഖിൽ പരിശോധന കാമ്പയിൻ നടത്തി. രണ്ട് മണിക്കൂറിനുള്ളിൽ 1020 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
ഡ്രൈവിങ് ലൈസൻസ് കാലഹരണപ്പെടൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം, കാറിന്റെ വിൻഡോ ടിന്റിങ്, അനാവശ്യമായി ഹോൺ മുഴക്കുക, വാഹനത്തിന്റെ രൂപം മാറ്റുക, വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇഖാമയില്ലാത്ത 10 വിദേശികളെ അറസ്റ്റ് ചെയ്തതായും സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.
കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെടുന്നവർ വാട്സ്ആപ് വഴി ഗതാഗത വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. നിയമലംഘനത്തിന്റെ ഫോട്ടോ എടുത്ത് അയച്ചാൽ അയക്കുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുതന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളിൽ വലിയൊരു ഭാഗത്തിനും കാരണമാകുന്നത് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്.