മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫില്‍ കടന്ന് രാജസ്ഥാന് റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന് മറികടന്നു.
ഓപ്പണര്‍ യശസ്വി ജൈസ്വാളിന്റെയും രവിചന്ദ്ര അശ്വിന്റെയും ബാറ്റിങാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍ ബട്ലറെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട രാജസ്ഥാന് വേണ്ടി ജൈസ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 15 റണ്‍സെടുത്ത സഞ്ജുവിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ദേവ്ദത്ത് പടിക്കലും പെട്ടെന്ന് മടങ്ങിയതോടെ രാജസ്ഥാന് പ്രതിസന്ധിയിലായി.
പിന്നാലെ ജയ്സ്വാളിനെയും ഷിംറോണ്‍ ഹെറ്റ്മയറിനെയും (6) പ്രശാന്ത് സോളങ്കി മടക്കിയതോടെ രാജസ്ഥാന് വിറച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അശ്വിന് – റിയാന്‍ പരാഗ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. പരാഗ് 10 പന്തില്‍ നിന്ന് 10 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ രാജസ്ഥാനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മോയിന്‍ അലിയുടെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കുകയായിരുന്നു. വെടിക്കെട്ട് പ്രകടനത്തോടെ തുടങ്ങിയിട്ടും അവസാന ഓവറുകളില്‍ ആ മികവ് ആവര്‍ത്തിക്കാതിരുന്നപ്പോള്‍ ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍ മാത്രമാണ് നേടാനായത്.
57 പന്തില്‍ നിന്നും മൂന്ന് സിക്സും 13 ഫോറുമടക്കം 93 റണ്‍സെടുത്ത അലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 200-ന് അപ്പുറമുള്ള സ്കോറിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈയെ രാജസ്ഥാന് ബൗളര്‍മാര്‍ മധ്യ ഓവറുകളില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.
ഋതുരാജ് ഗെയ്ക്വാദ് (2), എന്‍. ജഗദീശന് (1), അമ്പാട്ടി റായുഡു (3) എന്നിവര്‍ക്കൊന്നും ചെന്നൈ സ്കോറിലേക്ക് സംഭാവന ചെയ്യാനായില്ല. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയും മാത്രമാണ് മോയിന്‍ അലിക്ക് അല്പമെങ്കിലും പിന്തുണ നല്‍കിയത്.
രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചാഹലും ഒബെദ് മക്കോയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.