അബുദാബി∙ യുഎഇ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ 75% ജോലികളും പൂർത്തിയായി. ജിസിസി, മിഡിൽ ഈസ്റ്റ് റെയിലുമായി ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുന്നതോടെ മധ്യപൂർവദേശ രാജ്യങ്ങളുടെ യാത്രാ രീതികൾക്ക് വിപ്ലവകരമായ മാറ്റമുണ്ടാകും. ഇതു സാമ്പത്തിക മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂഇ പറഞ്ഞു. അബുദാബിയിൽ ഇന്നലെ സമാപിച്ച മിഡിൽ ഈസ്റ്റ് റെയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇയുടെ സ്വപ്ന പദ്ധതി
2024 അവസാനത്തോടെ രാജ്യമാകെ യുഎഇയുടെ സ്വപ്ന പദ്ധതിയായ യാത്രാ ട്രെയിൻ ഓടിത്തുടങ്ങും. പിന്നീട് ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഏഴു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ തുടക്കത്തിൽ ചരക്കുനീക്കത്തിനാണ് മുൻഗണന നൽകിയതെങ്കിലും യാത്രാ സർവീസ് ആരംഭിക്കുമെന്ന് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയത്. യാത്രാ ട്രെയിൻ യാഥാർഥ്യമാകുന്നതോടെ എമിറേറ്റുകൾ തമ്മിലുള്ള അകലം ഇല്ലാതാക്കും.