വരുന്ന ജൂൺ മാസത്തിൽ ഒരു ഇലക്ട്രിക് വാഹനവും നാല് പുതിയ എസ്‌യുവികളും ഉൾപ്പെടുന്ന ആറ് പുതിയ കാറുകൾ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന കാറുകളുടെ ലോഞ്ച് തീയതിയോ സ്ഥിരീകരണമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോക്‌സ്‌വാഗൺ വെർട്ടിസ് ജർമൻ കാർ
നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ വരാനിരിക്കുന്ന പ്രീമിയം സെഡാൻ വെർട്ടിസിന്റെ വില ജൂൺ ഒമ്പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജൂൺ മാസത്തെ ആദ്യ അവതരണങ്ങളിലൊന്നായിരിക്കും ഇത്. ഇന്ത്യ 2.0 പദ്ധതിക്ക് കീഴിലുള്ള ബ്രാൻഡിന്റെ രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഇത്.4,561 മില്ലീമീറ്റർ നീളവും 521 ലിറ്ററുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്‌പേസും ഉള്ള സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ കാർ കൂടിയാണിത്.ആക്റ്റീവ് സിലിണ്ടർ ടെക്‌നോളജി ഉള്ള 1.5 ലിറ്റർ ടിഎസ്ഐ EVO എഞ്ചിനാണ് കാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന് 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻ ഓപ്ഷനും ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്‌ജി എന്നിവയുൾപ്പെടെയുള്ള ഗിയർബോക്‌സ് ഓപ്‌ഷനുകളുടെ നിരയിൽ ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ടാകും.
ഹ്യുണ്ടായി അയോണിക് 5
ഹ്യുണ്ടായി ഇതിനകം തന്നെ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ഇതിനോടകം തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം രണ്ടാം പകുതിയിൽ അയോണിക് 5 ഇന്ത്യൻ വിപണിയിലെത്തുമെന്ന് കൊറിയൻ ബ്രാൻഡ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2028-ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമായാണ് പുതിയ അയോണിക് 5 പുറത്തിറങ്ങുന്നത്. ഇത് CKD മോഡലായി രാജ്യത്ത് അവതരിപ്പിക്കുകയും സ്ഥാപനത്തിന്റെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിൽ അടിസ്ഥാനമാക്കിയുമാകും വരിക.
സിട്രൺ C3
C5 എയർക്രോസ് എസ്‌യുവിക്ക് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫ്രഞ്ച് കാർ നിർമാതാക്കളുടെ രണ്ടാമത്തെ മോഡലായ 2022 C3 എസ്‌യുവി അടുത്ത മാസം എത്താനാണ് സാധ്യത. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചും ജൂണിൽ നടക്കും. ടാറ്റ പഞ്ച് പോലുള്ളവയ്ക്ക് എതിരാളിയായി എത്തുന്ന സിട്രൺ C3 പോയ വർഷമാണ് ഇന്ത്യയ്ക്കായി പരിചയപ്പെടുത്തിയത്. 2,540 മില്ലീമീറ്റർ വീൽബേസുള്ള കോമൺ മോഡുലാർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് സിട്രൺ C3 നിർമിച്ചിരിക്കുന്നത്. പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്കും ‘സെഗ്‌മെന്റിലെ ഏറ്റവും മികച്ച ലെഗ്‌റൂം’ ഉണ്ടായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിൻസീറ്റുകളിൽ 653 മില്ലീമീറ്റർ ലെഗ്‌റൂം ഉണ്ട്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാവും സിട്രൺ C3 വിപണിയിൽ എത്തുക. അതിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ കൂടാതെ, 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റും സിട്രൺ വാഗ്ദാനം ചെയ്തേക്കാം.
മഹീന്ദ്ര സ്കോർപിയോ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജൂണിൽ പുത്തൻ സ്കോർപിയോയെ ഇന്ത്യയിൽ അവതരിപ്പിക്കും. ഇത് സംബന്ധിക്കുന്ന സൂചന നൽകുന്ന ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, സ്കോർപിയോ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജൂൺ 20 ന് പുറത്തിറക്കും. ഫോഗ് ലാമ്പുകളോട് കൂടിയ സി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട വെർട്ടിക്കൽ സ്ലാറ്റ് ഗ്രില്ലോടുകൂടിയ പുതിയ ഡിസൈനോടെയാണ് പുതിയ സ്കോർപിയോ എത്തുന്നത്. മഹീന്ദ്ര ക്രോം അടിവരയിടുന്ന ഇരട്ട ബാരൽ ഹെഡ്‌ലൈറ്റ് ഉപയോഗിക്കും. 18 ഇഞ്ച് വലിപ്പമുള്ള പുതിയ സെറ്റ് വീലുകളും പുതിയ സ്കോർപിയോയിൽ ഉണ്ടാകും. എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിരിക്കും ജോടിയാക്കുക.
മാരുതി സുസുക്കി വിറ്റാര ബ്രെസ
ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ മാരുതി മറ്റൊരു കാർ കൂടി കൊണ്ടുവരാൻ സാധ്യതയുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന പുതിയ തലമുറ വിറ്റാര ബ്രെസ അടുത്ത മാസം ലോഞ്ച് ചെയ്തേക്കും. തീയതികളൊന്നും മാരുതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മാസാവസാനത്തോടെ കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തിയേക്കും. എസ്‌യുവിയെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നതിനായി മാരുതി മോഡലിന്റെ ഡിസൈൻ നവീകരിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ മോഡലുകളിൽ നിലവിൽ ഉപയോഗിക്കുന്ന പുതിയ സവിശേഷതകൾ ബ്രെസയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.സാധാരണ അഞ്ച് സ്പീഡ് ഗിയർബോക്‌സിന് പുറമെ പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും മാരുതിയിൽ അവതരിപ്പിക്കും.
ഹ്യുണ്ടായി വെന്യു
റിപ്പോർട്ടുകൾ പ്രകാരം പുത്തൻ മാരുതി സുസുക്കി ബ്രെസയുടെ എതിരാളിയെ അവതരിപ്പിക്കാൻ ഹ്യുണ്ടായി കൂടുതൽ കാത്തിരുന്നേക്കില്ല. വെന്യു സബ് കോംപാക്‌ട് എസ്‌യുവി അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. ആഗോള വിപണികൾക്കായി വികസിപ്പിച്ച എസ്‌യുവി അടുത്ത മാസം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്താൻ സാധ്യതയുണ്ട്.