കുവൈത്ത് സിറ്റി: നിയമ ലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന പരിശോധകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജലീബ് അൽ ശുയൂഖിൽ നടത്തിയ വാഹന പരിശോധനയിൽ പത്തോളം പ്രവാസികൾ അറസ്റ്റിലായി. വർഷങ്ങൾക്ക് മുമ്പ് താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് താമസിച്ചുവന്നിരുന്നവരാണ് പിടിയിലായത്.
ഗതാഗത നിയമലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക ട്രാഫിക് പരിശോധന നടത്തിയതെങ്കിലും നിയമ ലംഘകരായ പ്രവാസികളെയും അറസ്റ്റ് ചെയ്‍തു. പിടിയിലായ പ്രവാസികളിൽ പലർക്കുമെതിരെ അറസ്റ്റ് വാറണ്ടുകളും നിലവിലുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരായ നാടുകടത്തൽ നടപടികൾ പൂർത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
ജലീബ് അൽ ശുയൂഖിൽ എക്സിറ്റ് പോയിന്റുകൾ അടച്ച് നടത്തിയ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. ഈ സമയത്തിനകം 1020 ട്രാഫിക് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി അവസാനിക്കുക, വാഹന ഉടമസ്ഥതയിലെ പ്രശ്‍നങ്ങൾ, കാർ വിൻഡേകളിലെ ടിന്റിങ്, അനാവശ്യമായ ഹോൺ ഉപയോഗം, വാഹനങ്ങളുടെ രൂപമാറ്റം, സുരക്ഷാ സംബന്ധമായ നിയമങ്ങളുടെ ലംഘനം തുടങ്ങിയവയ്‍ക്കെല്ലാമാണ് നടപടി സ്വീകരിച്ചത്.