കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി വിലക്ക് ഏർപ്പെടുത്തി. ശീതീകരിച്ച കോഴിയിറച്ചി, സസ്യ എണ്ണ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവയുടെ കയറ്റുമതിക്കാണ് വിലക്ക്.
വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയത്. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
കയറ്റുമതി വിലക്കുള്ള ഉൽപന്നങ്ങൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ കര അതിർത്തികളിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇരുമ്പ് അവശിഷ്ടങ്ങൾ, പേപ്പർ, കാർഡ്ബോർഡ് എന്നിവക്ക് മാർച്ചിൽ കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതിക്ക് മൂന്ന് മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് വിലക്ക്.
റഷ്യ, യുക്രെയ്ൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ലോഹങ്ങൾക്ക് വില വർധിക്കുന്നുണ്ട്. റഷ്യ, യുക്രെയ്ൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ലോഹങ്ങൾക്ക് വില വർധിക്കുന്നുണ്ട്.
സർക്കാറിന്റെയും സ്വകാര്യ പദ്ധതികളുടെയും ആവശ്യകത നിറവേറ്റുന്ന തരത്തിൽ ഇരുമ്പിന്റെ ലഭ്യത ഉറപ്പാക്കാനാണ് നിയന്ത്രണം.