പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് തക്കാളി പനി. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ തടിപ്പ് കാണുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ ‘തക്കാളിപ്പനി’ എന്ന് വിളിക്കുന്നതാണ്. ‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്. കോക്‌സാക്കി വൈറസ് അല്ലെങ്കിൽ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.
പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ് ലക്ഷണം. ചിക്കൻപോക്‌സ് കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത് പിറകുവശത്തായി വരുന്ന കുമിളകൾ കാരണം മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ് ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.
രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്ന് കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക് പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത് പുണ്ണ് പോലെ വരുന്നതിനുള്ള മരുന്ന് തുടങ്ങിയവയാണ് പതിവ്.
രോഗം വന്ന് കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. ദഹിക്കാൻ എളുപ്പമുള്ള എന്തും കുഞ്ഞിന് കൊടുക്കാം.കുഞ്ഞിനെ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഒരാഴ്‌ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും.