മുംബൈ: ഐപിഎല്ലിലെ തങ്ങളുടെ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു.
ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനും അവര്‍ക്കായി. 14 കളികളില്‍ നിന്ന് 16 പോയന്റുമായി ആര്‍സിബി നാലാം സ്ഥാനത്തെത്തി. ആര്‍സിബിയുടെ ജയത്തോടെ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
നിര്‍ണായക മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. 54 പന്തുകള്‍ നേരിട്ട കോഹ്ലി രണ്ട് സിക്സും എട്ട് ഫോറുമടക്കം 73 റണ്‍സെടുത്തു.
ഓപ്പണിങ് വിക്കറ്റില്‍ കോഹ്ലിയും ക്യാപ്റ്റന്‍ ഡുപ്ലെസിസും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഡുപ്ലെസിസ് 38 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ അകമ്പടിയില്‍ 44 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കോഹ്ലിക്കൊപ്പം മാക്സ്വെല്ലും തകര്‍ത്തടിച്ചപ്പോള്‍ ബാംഗ്ലൂര്‍ അനായാസം വിജയം കൈപിടിയിലാക്കി. മാക്സ്വെല് 40 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഈ ജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ മുംബൈ ഡല്‍ഹിയെ തകര്‍ത്താല്‍ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കടക്കാം.
നേരത്തെ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നായകൻ ഹർദിക് പാണ്ഡ്യയുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഹർദിക് 47 പന്തിൽ 62 റൺസുമായി പുറത്താവാതെ നിന്നു.
പാണ്ഡ്യയെ കൂടാതെ 22 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ, 25 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരും ഗുജറാത്തിനായി മികവ് കാട്ടി.
ബാംഗ്ലൂരിന് വേണ്ടി ഹേസൽവുഡ് 2 വിക്കറ്റും മാക്സ്വെൽ, ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.