ദോഹ: വേനലവധിക്കാലത്ത് ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് നിരവധി ഓഫറുകളുമായി ഖത്തർ എയർവേസ്.
ലോകത്തിലെ മുൻനിര വിമാനത്താവളമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തങ്ങളുടെ ആഗോള വ്യോമയാത്ര ശൃംഖലയിൽ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കാനുള്ള നിരവധി സ്ഥലങ്ങളാണ് ഖത്തർ എയർവേസിനുള്ളത്.
ലോകോത്തര ബീച്ച് ഗേറ്റ്വേകൾ, നഗരങ്ങൾ, സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള ഡെസ്റ്റിനേഷനുകൾ, കുടുംബ സൗഹൃദ ഇടങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. 140ലധികം നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് നിലവിൽ സർവിസ് നടത്തുന്നത്.
ഏറ്റവും മികച്ച സേവനങ്ങളുമായി യാത്രക്കാർക്ക് വാഗ്ദാനം നൽകുന്ന അവിസ്മരണീയ യാത്ര അനുഭവങ്ങളാണ് ഖത്തർ എയർവേസിനെ വേറിട്ട് നിർത്തുന്നത്.
ഈ വേനലിൽ വിനോദസഞ്ചാര യാത്ര മേഖലയിൽ വലിയ തിരിച്ചു വരവുണ്ടാകുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും യാത്രയിൽ പഞ്ചനക്ഷത്ര ഹോസ്പിറ്റാലിറ്റി ആസ്വദിക്കുന്നതിനും ഖത്തർ എയർവേസിൻറെ ഭാഗമാകുന്നതിനും യാത്രക്കാരെ ക്ഷണിക്കുകയാണെന്നും സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം യാത്ര വിലക്കുകൾ കാരണം വിനോദസഞ്ചാരികൾ കടുത്ത നിരാശയിലായിരുന്നുവെന്നും യാത്രാമേഖല വലിയ വെല്ലുവിളികളിലൂടെയാണ് പോയിരുന്നതെന്നും ചൂണ്ടിക്കാട്ടിയ അൽ ബാകിർ, യാത്ര നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രതീക്ഷകൾ നൽകുന്നതാണെന്നും കൂട്ടിച്ചേർത്തു.
കടലോരങ്ങളും ബീച്ച് റിസോർട്ടുകളുമായി അത്യാകർഷകമായ ബാലി, ഫുക്കെറ്റ്, സീഷെൽസ് എന്നിവിടങ്ങളിലേക്കും പ്രാഗ്, റോം, ബാങ്കോക്ക് തുടങ്ങിയ മനോഹര നഗരങ്ങളിലേക്കും സാന്റോറിനി, മാലദ്വീപ്, പാരിസ് തുടങ്ങിയ ഇടങ്ങളിലേക്കും ഖത്തർ എയർവേസ് സർവിസ് നടത്തുന്നുണ്ട്.