മസ്കത്ത്: രാജ്യത്ത് നടപ്പാക്കിയ ഫ്ലക്സിബ്ൾ വർക്കിങ് സിസ്റ്റത്തിന് അനുസരിച്ച് വിവിധ മന്ത്രാലയങ്ങൾ തങ്ങളുടെ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി. എല്ലാ സർവിസ് ഡെലിവറി ഔട്ട്ലെറ്റുകളും രാവിലെ 7.30 മുതൽ വൈകിട്ട് മൂന്നുവരെ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനും സജ്ജമാക്കിയതായി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഓൺലൈൻ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക്മൂന്നുവരെയാണ് പുതിയ സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡയറക്ടറേറ്റുകളിലും വകുപ്പുകളിലും പ്രവൃത്തി സമയം സമാനമായിരിക്കും. വിൽപനക്കും വാങ്ങലിനുമുള്ള നിയമനടപടികളുടെ ഇടപാടുകൾ ക്ലിയർ ചെയ്യുന്നതിനായി മസ്കത്ത് ഗവർണറേറ്റിൽ കോൾ സെന്റർ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ട്മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവർത്തന സമയം.
എന്നാൽ മന്ത്രാലയ ഓഫിസിൽ ആവശ്യമായ ഇടപാടുകൾ ക്ലിയർ ചെയ്യാൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുവരെ ജീവനക്കാർ ലഭ്യമായിരിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ആസ്ഥാനത്തും അതിന്റെ ഡയറക്ടറേറ്റുകളിലും വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള അനുബന്ധ വകുപ്പുകളിലും പ്രവർത്തന സമയം വൈകീട്ട് 4.30വരെ ആയിരിക്കും. പരിസ്ഥിതി അതോറിറ്റിയിലെ സേവനങ്ങൾ വൈകീട്ട് മൂന്നുമണിവരെ ലഭ്യമായിരിക്കും. എന്നാൽ, സേവനേതര വകുപ്പുകളിലെ ജോലി 4.30വരെ തുടരുമെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
രാജ്യത്തെ സർക്കാർ-പൊതുമേഖലയിലെ ജോലി സംവിധാനം സുഗമമാക്കുന്നതിൻറെ ഭാഗമായാണ് തൊഴിൽ മന്ത്രാലയം മേയ് 15മുതൽ ഫ്ലക്സിബ്ൾ വർക്കിങ് സിസ്റ്റം നടപ്പാക്കിയത്.