കൊച്ചി: കനത്ത മഴയെത്തുടർന്ന് ഭൂതത്താൻ കെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകൾ ഒരു മീറ്ററും രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവുമാണ് ഉയർത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഷട്ടറുകൾ തുറന്നത്. സമീപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളം കയറി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ കാലവർഷം നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർണതോതിലാണ്. ജില്ല താലൂക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. ആരോഗ്യം, അഗ്‌നിരക്ഷസേന, പൊലീസ്, തീരദേശ പൊലീസ് , ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കൺട്രോൾ റൂമുകൾ ആരംഭിച്ചു.
















