കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ പൊടിക്കാറ്റിൽ പ്രധാന റോഡുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്യാൻ അധികൃതർ പാടുപെട്ടു.
ഹൈവേകളിൽ ഗതാഗതം തടസ്സപ്പെടുംവിധം മണൽ റോഡിൽ നിറഞ്ഞു. ഗതാഗതം സുഗമമാക്കാൻ കഠിന പരിശ്രമം നടത്തിയാണ് അധികൃതർ റോഡ് വൃത്തിയാക്കിയത്. മരുഭൂമിയോട് ചേർന്ന റോഡുകളിലാണ് കാര്യമായി പൊടി നിറഞ്ഞത്. വിജനമേഖലയിലെ ഹൈവേകളിൽ ഗതാഗതം തടസ്സപ്പെടുംവിധം മണൽ റോഡിൽ നിറഞ്ഞു.
പൊടിക്കാറ്റ് വീശിയാൽ പിന്നാലെ റോഡുകളിലെ മണൽ നീക്കം ചെയ്യുക എന്നത് പതിവാണ്. ഒരുനേരം ഏകദേശം 30,000 ക്യൂബിക് മീറ്റർ മണൽവരെ നീക്കം ചെയ്യാനുണ്ടാകും. ചില നേരങ്ങളിൽ ഇത് ഇരട്ടിയായിരിക്കും. കുറെ വർഷങ്ങളിലെ ഏറ്റവും കനത്ത പൊടിക്കാറ്റാണ് കഴിഞ്ഞദിവസം ഉണ്ടായതെന്ന് വിലയിരുത്തലുണ്ട്.
ഇറാഖിൽനിന്ന് ഉത്ഭവിച്ച കാറ്റ് കുവൈത്തിൽ ജനജീവിതം ദുസ്സഹമാക്കിയിരുന്നു. സബാഹിയ, സാൽമിയ, അബ്ദലി, കബദ് എന്നിവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് മണൽനീക്കിയത്. വഫ്റ റോഡി
ൽ റോഡ്-ഗതാഗത അതോറിറ്റിയാണ് ഈ ജോലി നിർവഹിക്കുന്നത്. റോഡുകളിൽ അടിഞ്ഞുകൂടുന്ന മണലിന്റെ അളവ് കുറക്കാൻ ഹൈവേകളുടെ ഓരത്ത് ഈന്തപ്പന വെച്ചുപിടിപ്പിക്കണമെന്ന നിർദേശം വന്നിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര നടപ്പായിട്ടില്ല.