മനാമ:പശ്ചിമേഷ്യൻ മേഖലയെ മൂടി കനത്ത പൊടിക്കാറ്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇറാഖ്, സിറിയ, കുവൈത്ത് എന്നിവടങ്ങളിൽ ജനജീവിതത്തെ പൊടിക്കാറ്റ് സാരമായി ബാധിച്ചു. സൗദിയിൽ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറിയയിലെ ദെയ്ർ അൽ സോർ പ്രവിശ്യയിൽ ഏഴുപേരും ഇറാഖിൽ ഓളും മരിച്ചു.
തിങ്കളാഴ്ചയാണ് പൊടിക്കാറ്റ് കുവൈത്തിൽ എത്തിയത്. 50 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിച്ച ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലം നിറച്ചതോടെ കാഴ്ച നന്നേ കുറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസ് തിങ്കളാഴ്ച താൽക്കാലികമായി നിർത്തിവച്ചു. കാഴ്ച മെച്ചപ്പെട്ടാൽ വ്യോമയാന സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊടിക്കാറ്റിനെ തുടർന്ന് കുവൈത്തിൽ ചൊവ്വാഴ്ചവരെ സ്കൂളുകൾക്ക് അവധി നൽകി. പൊടിക്കാറ്റ് മൂടിയതോടെ ആകാശം ഓറഞ്ച്-ചുവപ്പ് നിറമായി. പലയിടത്തും റോഡുകളിൽ മണൽ അടിഞ്ഞുകൂടിയതും കാഴ്ച കുറഞ്ഞതുംം ഗതാഗതത്തെയും ബാധിച്ചു. കുവൈത്തിലെ എല്ലാ തുറമുഖങ്ങളിലും പ്രവർത്തനം താൽക്കാലികമായി നിർത്തി.
ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിനെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെയും പൊടിക്കറ്റ് മൂടി. കാഴ്ച കുറഞ്ഞത് റോഡ് ഗതാഗതത്തെ മന്ദഗതിയിലാക്കി. യുഎഇ, ബഹ്റൈൻ, ഖത്തർ എന്നിവടങ്ങളിലും ചൊവ്വാഴ്ച രാവിലെ മുതൽ പൊടിക്കാറ്റ് അനുഭവപ്പെട്ടു. കനത്ത പൊടി നിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് യുഎഇ കാലാവസ്ഥാ ബ്യൂറോ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അബുദാബി, അൽഐൻ, ദുബായുടെ ചില ഭാഗങ്ങൾ, ഷാർജ എന്നിവിടങ്ങളിൽ ആണ് പൊടിപടലങ്ങളുമായി കാറ്റ് വീശിയടിക്കുന്നത്. പൊടിപടലങ്ങൾ കാഴ്ചയെ തടസ്സപ്പെടുത്തുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.