കോൽക്കത്ത: എഎഫ്സി കപ്പിൽ കരുത്തരായ എ ടി കെ മോഹൻ ബഗാനെതിരെ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള കെ മോഹൻ ബഗാനെ തകർത്തത്. ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ടഗോൾ നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി.
പ്രീതം കോട്ടാൽ, ലിസ്റ്റൺ കോളാസോ എന്നിവരാണ് എടികെയുടെ ഗോളുകൾ നേടിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ആറു ഗോളുകളും പിറന്നത്. ലൂക്കയിലൂടെ ഗോകുലം ആദ്യം ലീഡ് എടുത്തു. മൂന്നു മിനിറ്റിനുള്ളിൽ പ്രീതം കോട്ടാലിലൂടെ എടികെ തിരിച്ചടിച്ചു. എന്നാൽ റിഷാദ് വീണ്ടും ലീഡ് തിരികെ പിടിച്ചു.
കളിയുടെ 65 ാം മിനിറ്റിൽ ലൂക്ക ഗോകുലത്തിന്റെ ലീഡ് വർധിപ്പിച്ചു. എന്നാൽ 80 ാം മിനിറ്റിൽ ലിസ്റ്റൺ ഒരു ഗോൾ തിരിച്ചടിച്ച് എടികെയുടെ പ്രതീക്ഷ കൂട്ടി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ജിതിൻ എടികെ വലയിൽ പന്തെത്തിച്ച് കളി സീൽ ചെയ്തു.
ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള മികച്ച ഫോമിലാണ്. മത്സരം ശക്തരോടാണെങ്കിലും എല്ലാ നിലക്കും ഗോകുലം കേരള ഒരുങ്ങിയിട്ടുണ്ടെന്ന് മത്സരത്തിന് മുമ്പ് പരിശീലകന് അന്നീസെ വ്യക്തമാക്കിയിരുന്നു.
മെയ് 21ന് മസിയക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.