തിരുവനന്തപുരം: കേരളത്തിന് മുകളിൽ ഉണ്ടായിരുന്ന ചക്രവതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറി. വടക്കൻ തമിഴ്നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശിന് വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുവെന്ന് ഐഎംഡി വ്യക്തമാക്കി. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത ഉണ്ട്. രാത്രിയോടെ വടക്കൻ കേരളത്തിൽ മഴ കുറച്ചുകൂടി ശക്തിപ്രാപിക്കും.
വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടർന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടായിരുക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.