നിയമ പോരാട്ടത്തിന്റെ 31 വർഷങ്ങൾ ;പേരറിവാളൻ ജയിൽ മോചിതനാകുന്ന പേരറിവാളൻ

 ചെയ്യാത്ത കുറ്റത്തിന് യൗവ്വനം മുഴുവന്‍ ജയിലില്‍ കിടന്ന പേരറിവാളൻ  31 വര്‍ഷത്തിനു ശേഷം  ജയില്‍ മോചിതനാകുകയാണ്.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ്  രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു പേരറിവാളന്റെ പ്രായം. യൗവനത്തിന്റെ നല്ലൊരു ഭാഗവും ജയിലില്‍ കഴിഞ്ഞ പേരറിളിവാളന്‍ ഒടുവില്‍ പ്രായം 50 പിന്നിടുമ്പോഴാണ് ജയില്‍ മോചിതനായി പുറത്തിറങ്ങുന്നത്.ചെന്നൈയിൽ കുടുംബത്തോടൊപ്പം കഴിയുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അറസ്റ്റ്. അന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. പിതാവ് ഗണശേഖരൻ എന്ന കുയിൽദാസനും അർപ്പുതമ്മാളും ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പെരിയാറിന്റെ അനുയായികളായിരുന്നു. മകൻ നിരപരാധിയാണെന്ന് പറഞ്ഞ് അവര്‍ പോകാത്ത നിയമ വഴികളില്ല .

കൗമാരത്തില്‍ തന്നെ ജയിലില്‍ അടക്കപ്പെട്ടെങ്കിലും പേരറിവാളൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചില്ല. 2012ലെ പ്ലസ്ടു പരീക്ഷയിൽ 91.33 ശതമാനം മാർക്ക് നേടി തടവുപുള്ളികളിലെ റെക്കോർഡ് വിജയവും സ്വന്തം പേരിലാക്കി. ജയിലിലിരിക്കെ തന്നെ ഇഗ്നോയുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കി. തമിഴ്‌നാട് ഓപൺ സർവകലാശാലയുടെ ഡിപ്ലോമ കോഴ്‌സിൽ ഒന്നാമനായി സ്വർണ മെഡലും സ്വന്തമാക്കി.

1991 മേയ് 21-ന് ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഒരുമാസത്തിന് ശേഷമാണ് പേരറിവാളനെ ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ് കുറ്റം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പിന്നാലെ പലരും പേരറിവാളിന്റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്റെ  പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

അന്ന് രാജ്യത്തെ ഏറ്റവും സുപ്രധാനമായ കേസില്‍ എട്ട് വര്‍ഷത്തിനകം പേരറിവാളന്‍ ഉള്‍പ്പെടെയുള്ളയുള്ള 26 പ്രതികളെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ശിക്ഷ ഇളവു ചെയ്യുന്നതിന് പേരറിവാളന്‍ നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമറിയാന്‍ 2011 -വരെ കാത്തിരിക്കേണ്ടിവന്നു. 

2017-ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ നിര്‍ണായക വെളിപ്പെടുത്തലുകളാണ് കേസില്‍ പേരറിവാളന്റെ ജയില്‍ മോചനത്തിലേക്ക് വഴിവച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ബാറ്ററികള്‍ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോള്‍ പേരറിവാളന് അറിയില്ലായിരുന്നുവെന്ന് 2017ൽ  അന്വേഷണ ഉദ്യോഗസ്‌ഥൻ ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചോദ്യംചെയ്യലിനിടെ ഇക്കാര്യം പേരറിവാളന്‍ ത്യാഗരാജനോട്  പറഞ്ഞിരുന്നു. എന്നാല്‍ പ്രതിയുടെ കുറ്റസമ്മതമൊഴിയെ ഇത് ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ മനപ്പൂര്‍വ്വം ആ മൊഴി രേഖകളില്‍ നിന്ന് ഒഴിവാക്കി. ഈ വെളിപ്പെടുത്തൽ തമിഴ്നാട്ടിലാകമാനം പേരറിവാളന് അനുകൂലമായ ഒരു വികാരമുണ്ടാകാന്‍ കാരണമായി.

ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വരുത്തിയ കാലതാമസം പരിഗണിച്ച് 2014-ല്‍ സുപ്രീം കോടതി പേരറിവാളന്റെയും മറ്റു രണ്ടുപേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇതോടെ 14 വര്‍ഷത്തെ നല്ല നടപ്പ് പരിഗണിച്ച് ജീവപര്യന്ത തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014-ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളന്‍ അടക്കം ഏഴുപേരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ സുപ്രീംകോടതി ഇത് തടഞ്ഞു. പിന്നീട് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് പിന്നീട് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പിന്‍ബലത്തില്‍ 2018-ല്‍ ഏഴുതടവുകാരെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്തു. ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രണ്ടരവര്‍ഷത്തോളം വൈകിയ ഗവര്‍ണര്‍ അവസാനം ശുപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയതില്‍ സുപ്രീംകോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

പേരറിവാളനെ മോചിതനാക്കണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. പല ഘട്ടങ്ങളിലായി കേസിലെ ഏഴ് പ്രതികളുടേയും മോചനം തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രി സഭാ തീരുമാനത്തിൽ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇതിനിടയില്‍ ഗവര്‍ണര്‍ മാറുകയും പുതിയ ഗവര്‍ണറോട് ഡി.എം.കെ. സര്‍ക്കാര്‍ ശുപാര്‍ശ ആവര്‍ത്തിക്കുകയും ചെയ്തു. എന്നാൽ ആവശ്യം പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചതും ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച് കോടതി ഒടുവില്‍ മോചനത്തിന് ഉത്തരവായതും.

അധികാരമേറ്റതിന് പിന്നാലെ പുതിയ ഡി.എം.കെ. സര്‍ക്കാര്‍ ആരോഗ്യകാരണങ്ങളുടെ പേരില്‍ പേരറിവാളന് 30 ദിവസം പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലാവധി അവസാനിക്കുമ്പോള്‍ ഒരോതവണയും നീട്ടിനല്‍കി.മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കഴിഞ്ഞുവെന്ന വസ്തുത കണക്കിലെടുത്ത്, 2022 മാര്‍ച്ച് 9നാണ് സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചത്. ഭരണഘടനയുടെ 142-ാം അനുശ്ചേദം അനുസരിച്ച് സുപ്രീം കോടതി തങ്ങളുടെ സവിശേഷ അധികാരമുപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്.