തിരുവനന്തപുരം: ഇനി വരുന്ന അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി തുടരുന്നതും വടക്കൻ കേരളം മുതൽ വിദർഭവരെയുള്ള ന്യുനമർദപാത്തിയും മഴ തീവ്രമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
മലയോര മേഖലകളിൽ താമസിക്കുന്നവരും തീരദേശവാസികളും ജാഗ്രത പുലർത്തണം. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന വിലക്കും തുടരുന്നു. ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.