സിബിഐ മുൻ മേധാവിക്ക് 10,000 രൂപ പിഴ ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക് ബാഡ്ജ് പുനഃസ്ഥാപിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് സിബിഐ മുൻ മേധാവി എം .നാഗേശ്വര റാവുവിന് കോടതി പിഴ ശിക്ഷ വിധിച്ചത്. ഹർജിയുമായി ഏപ്രിൽ ഏഴിന് കോടതിയിലെത്തിയപ്പോൾ ഹർജിയിൽ ഇടപെടാനാകില്ലെന്നും ആവശ്യവുമായി ട്വിറ്ററിനെ സമീപിക്കാനുമായിരുന്നു കോടതിയുടെ നിർദേശം.മാർച്ചിലാണ് നാഗേശ്വര റാവുവിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ കമ്പനി നീക്കിയത്.
വീണ്ടും സമാന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയപ്പോഴാണ് 10,000 രൂപ പിഴയോടെ എം.നാഗേശ്വര റാവുവിന് പിഴ ശിക്ഷ വിധിച്ചത്. ഹർജിയിൽ ഏപ്രിൽ ഏഴിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും പിന്നെ എന്തിനാണ് തിടുക്കത്തിൽ കോടതി ചോദിച്ചു. കക്ഷിക്ക് ധാരാളം സമയമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും കോടതി പറഞ്ഞു.
സമാന പരാതികൾ കേൾക്കുന്ന ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന നാഗേശ്വര റാവുവിന്റെ അഭിഭാഷകന്റെ വാദവും കോടതി തള്ളി. ഒരിക്കൽ തീർപ്പാക്കിയ ഹർജിയുമായി വീണ്ടും എത്തിയതിന് ന്യായീകരണമില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. 1986 ബാച്ച് ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ നാഗേശ്വര റാവു 2020 ഓഗസ്റ്റിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. അലോക് വർമ്മയെ അർധരാത്രി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കി നാഗേശ്വര റാവുവിനെ കേന്ദ്ര സർക്കാർ ഇടക്കാല മേധാവിയാക്കിയത് ഏറെ വിവാദമായിരുന്നു.