നീലേശ്വരം: മഴക്കാലമാകുമ്പോൾ വെള്ളത്തിനടിയിലാകുന്ന രാജാ റോഡിന്റെ വികസനം ഇനിയും അകലെ. രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ രാജാ റോഡ് മുഴുവൻ വീണ്ടും വെള്ളത്തിനടിയിലായി. ഇതോടെ, നീലേശ്വരം രാജാ റോഡ് നിർമാണത്തിന് തടസ്സമായി റവന്യൂ വകുപ്പ് തടസ്സം നിൽക്കുന്ന ആക്ഷേപം വീണ്ടുമുയർന്നു.
രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം വേഗത്തിൽ പുറപ്പെടുവിക്കണമെന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. രാജാ റോഡ് വികസനത്തിന് മുന്നോടിയായുള്ള സർവേ നടപടികളുടെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും തുടർ നടപടി ഒന്നും ആയിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് റവന്യൂ വകുപ്പിന് 50 ലക്ഷം രൂപ ആറ് മാസം മുമ്പ് തന്നെ റോഡ് ഫണ്ട് നൽകിയിരുന്നു. ഏറ്റെടുക്കേണ്ട 40 കെട്ടിടങ്ങളിൽ 10 കെട്ടിട ഉടമകളുടെ വിവരങ്ങളാണ് ലഭിക്കാൻ ബാക്കിയുള്ളത്.
കെട്ടിടങ്ങൾ അളന്നു തിട്ടപ്പെടുത്തി അടയാളപ്പെടുത്തുന്നതിന് മൂന്ന് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് രണ്ട് താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം 11 /1 നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറത്തിറക്കാത്തതിനാൽ ഇവർക്ക് തുടർ നടപടി സീകരിക്കാൻ കഴിയുന്നില്ല. ആറ് മാസം കാലാവധിയുള്ള ഇവരുടെ കാലാവധി മൂന്ന് മാസം കൂടി കഴിഞ്ഞാൽ പൂർത്തിയാകും.14 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ വികസിപ്പിക്കുന്ന രാജാ റോഡിന്റെ അലൈൻമെന്റ് കല്ലുകൾ കഴിഞ്ഞ വർഷം ജനുവരിയിലാണ് സ്ഥാപിച്ചത്.