കുവൈറ്റ്: കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. നിലവില്‍ കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകള്‍ തടസമില്ലാതെ നടക്കുന്നുണ്ട്.
കുവൈത്തിലുടനീളം ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതിന് പിന്നാലെ കാഴ്ച അസാധ്യമായി മാറിയതോടെയാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.