മാന്നാർ: കൊയ്ത്ത് യന്ത്രം ചെളിയിൽ താഴ്ന്നതുമൂലം ഇറുന്നൂറ്റി അൻപതോളം ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിലെ കൊയ്ത്ത് വീണ്ടും മുടങ്ങി. ആലപ്പുഴയിലെ മാന്നാറിലാണ് സംഭവം. ഇതോടെ കർഷകർ പ്രതിസന്ധിയിലായി. അപ്പർകുട്ടനാടൻ മേഖലകളായ മാന്നാർ-ചെന്നിത്തല പാടശേഖരങ്ങളിൽ കൊയ്ത് കൂട്ടിയ നെല്ലുകൾ സംഭരിക്കാതെ മില്ലുടമകൾ വിട്ടുനിന്നതോടെ കർഷകർ കൊയ്ത്ത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. തുടർന്ന് കൃഷിഓഫീസറുടെ സാന്നിധ്യത്തിൽനടന്ന പാടശേഖരസമിതിയുടെ അടിയന്തിര പൊതുയോഗത്തിൽ വെച്ച് നാലുതോട് പാടശേഖരത്തിലെ കർഷകർ കൊയ്ത്തിന് തയ്യാറാവുകയായിരുന്നു.
തിങ്കളാഴ്ച കൊയ്യാനായി വേണ്ട തയ്യാറെടുപ്പുകൾ നടത്തിവരവെയാണ് തോരാതെ പെയ്ത മഴ പ്രതീക്ഷകൾ തകർത്തത്. ഇന്ന് മഴ മാറി നിന്നതോടെ കൊയ്യാനായി പാടത്തേക്ക് ഇറക്കിയ യന്ത്രത്തിന്റെ ചക്രങ്ങൾ ചെളിനിറഞ്ഞ വെള്ളത്തിൽ താഴുകയായിരുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, ചെങ്ങന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗീത.എസ്, മാന്നാർ കൃഷി ഓഫീസർ പി സി ഹരികുമാർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി കൊയ്ത്ത് മുടങ്ങാനുണ്ടായ സാഹചര്യം നേരിട്ട് മനസ്സിലാക്കി. ഏകദേശം 250തോളം ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിലെ കൊയ്ത്ത് മുടങ്ങിയാൽ കഴിഞ്ഞ കൃഷിയിലും കടത്തിലായ കർഷകർ വീണ്ടും കടക്കെണിയിലാവും.