അബുദാബി : യുഎഇയിൽ പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് പൂർണമായും നിർത്തലാക്കി. ഇനി എമിറേറ്റ്സ് െഎഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകൾ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.
റസിഡൻസിയും ഐഡിയും നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യർഥനകളിലോ ഏകീകൃത ഫോം സേവനങ്ങൾ ഉപയോഗിക്കും. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്സ് ഐഡി കാർഡ് ഇപ്പോൾ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവർത്തിക്കുന്നു. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതിയ രൂപത്തിൽ എല്ലാം ഉൾപ്പെടുന്നു. ഇതിനകം ഒട്ടേറെ പേർക്ക് എമിറേറ്റ്സ് െഎഡിയിൽ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഇൗ മാസം 11 മുതലാണ് ഇൗ നിയമം പ്രാബല്യത്തിൽ വന്നത്.
റസിഡൻസി വിശദാംശങ്ങളുള്ള സ്റ്റിക്കർ പാസ്പോർട്ടിൽ പതിക്കുന്നതിന് പകരം, എല്ലാ വിവരങ്ങളും എമിറേറ്റ്സ് ഐഡിയിൽ സംഭരിക്കുകയാണ് ചെയ്യുന്നത്. വീസയും എമിറേറ്റ്സ് ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വളരെ കുറവായതിനാൽ പെട്ടെന്ന് തന്നെ എമിറേറ്റ്സ് െഎഡി ലഭിക്കുന്നതായി ആളുകൾ പറയുന്നു.