കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു. ഇതിനെതിരെ തൃക്കാക്കരയിൽ പ്രതിഷേധം ഉയർന്നു വരണമെന്നും പറഞ്ഞു.
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ രൂക്ഷ ഭാഷയിലായിരുന്നു കെ സുധാകരൻ വിമർശിച്ചത്. സാധാരണഗതിയിൽ ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ പോലും ഉപയോഗിക്കാൻ പാടില്ലാത്ത സംസ്കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റേതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രിയനായകനാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മുഖ്യമന്ത്രിയ്ക്കുള്ള ആദരവ് വളരെ വളരെ വലുതാണ്. സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായ അദ്ദേഹം ഇന്ത്യയിലെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. സ്വാഭാവികമായും അദ്ദേഹം ജനങ്ങളെ സന്ദർശിക്കും. കെ.പി.സി.സി അധ്യക്ഷന്റേത് തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ഭാഗമായുള്ള നടപടിയാണിത്. സുധാകരനെതിരെ എഐസിസി നടപടി സ്വീകരിക്കുമോ എന്നും ഇ.പി ജയരാജൻ ചോദിച്ചു.
തൃക്കാക്കരയില് യു.ഡി.എഫ് ഭയപ്പാടിലാണ്. ജനങ്ങൾ യു.ഡി.എഫിനെ തിരിച്ചറിയണം. മുഖ്യമന്ത്രിയെ നീജമായി അധിക്ഷേപിച്ചതിൽ അണികൾ വികാരം കൊള്ളരുതെന്നും അതേ ഭാഷയിൽ പ്രതികരിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ട്വന്റി ട്വന്റിയെ എതിർത്ത പാർട്ടിയല്ലേ കോൺഗ്രസ് എന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന ദയാഹർജിയുമായി ട്വന്റി ട്വന്റിയുടെ മുന്നിൽ പോയി നിൽക്കുന്നു. ആ അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി. യുഡിഎഫ് തൃക്കാക്കരയിൽ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. സാബു എം ജേക്കബിനെതിരായ പോസ്റ്റ് തെറ്റെന്ന് പിവി ശ്രീനിജന് തോന്നിയത് കൊണ്ടാണ് അത് പിൻവലിച്ചത്. ഒരു വോട്ടും വേണ്ടെന്ന് ആരോടും പറയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.