പാലക്കാട്: സൈലന്റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി.പി. രാജനായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കാടിനകത്ത് വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്.
വാച്ചർമാർ ഉൾപ്പെടുന്ന ചെറു സംഘങ്ങളായുള്ള തെരച്ചിൽ തുടരും. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും കിട്ടിയിട്ടില്ല.
കാട്ടിലെ തിരച്ചിലിൽ ഇനി കാര്യമായ ഫലമുണ്ടാകില്ലെന്നുറപ്പിക്കുന്ന പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു.അടുത്തദിവസം തന്നെ രാജന്റെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും.
അതേസമയം, കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന്, കാണാതാകുന്ന ദിവസം രാത്രി 8.45 വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും വാച്ചറുമായ രമേശൻ പറഞ്ഞു. രാജൻ സ്വയം നിശ്ചയിച്ച് കാടുകയറില്ലെന്നും മാനസിക വിഷമങ്ങൾ ഒന്നും രാജനെ അലട്ടിയിരുന്നില്ലെന്നും രമേശൻ പറയുന്നു.