കെ-റെയിലിന് വേണ്ടി മഞ്ഞകല്ല് ഇടില്ലെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായി വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാട്. കൗശലപൂർവം ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ കല്ലിടുന്നത്. നിയമപരമായ വഴികളിലൂടെ അല്ലാതെ വളഞ്ഞ വഴികളിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കല്ലിടുന്ന ഭൂമിയിൽ സർക്കാർ പറഞ്ഞാലും ഒരു ബാങ്കും ലോൺ കൊടുക്കില്ല. അതോടെ സാധാരണക്കാരുടെ ജീവിതം ദുസഹമാകും. അതുകൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാൽ എന്ത് എതിർപ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിൻ്റെ പേരിൽ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികൻ്റെ നാഭിയിൽ ചവിട്ടുകയും സ്ത്രീയെ റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലിൽ അടച്ചു. സമരക്കാർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണം. കല്ലിടേണ്ടെന്ന സർക്കാർ തീരുമാനം കെ-റെയിൽ വിരുദ്ധ സമരത്തിൻ്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയിൽ നിന്നും പിൻമാറുകയാണെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്ന് മാത്രമേ ഈ സമരം പൂർണ വിജയത്തിലെത്തൂ.
സമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ ഫലം എന്തു തന്നെ ആയാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതു കൊണ്ടു തന്നെ ജി.പി.എസ് സർവെ നടത്തിയാലും അതിനെ യു.ഡി.എഫ് എതിർക്കും. ഭൂമിയിൽ ഇറങ്ങാൻ പറ്റാത്തോണ്ടാണ് ജി.പി.എസ് എന്ന് പറയുന്നത്.
സർക്കാരിൻ്റെ നൂറ് ദിന കർമ്മപദ്ധതി ഏഴ് നിലയിൽ പൊട്ടിപ്പോയി. ഉൾപ്പെടുത്തിയിരുന്ന ഭൂരിപക്ഷം പദ്ധതികളും നേരത്തെ തന്നെ പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളും റോഡുകളുമായിരുന്നു. അതിൻ്റെ ഉദ്ഘാടനം അല്ലാതെ പ്രോജക്ട് തലത്തിലുള്ള ഒന്നും കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഉൾപ്പെടുത്തിയിരുന്ന റോഡ് നിർമ്മാണം ഉൾപ്പെടെയുള്ളവ പൂർത്തീകരിക്കാൻ പോലും സാധിച്ചില്ലെന്നാണ് സർക്കാർ വെബ് സൈറ്റിലെ തന്നെ കണക്കുകൾ കാണിക്കുന്നത്. സംസ്ഥാനത്ത് പൂർണമായ ഭരണസ്തംഭനമാണ്. പണമില്ലാതെ വികസന പ്രവർത്തനങ്ങൾ മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. സാമ്പത്തിക അവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാർ ധവളപത്രം പ്രസിദ്ധീകരിക്കണം. സാധാരണക്കാരന്റെ ആശ്രയമായ കെ.എസ്.ആർ.ടി.സിയെ പൂട്ടിച്ച് വരേണ്യവർഗത്തിന് വേണ്ടി രണ്ട് ലക്ഷം കോടി രൂപയുടെ സിൽവർ ലൈൻ നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിൽ എന്ത് യുക്തിയും കമ്മ്യൂണിസവുമണുള്ളത്? ഈ പദ്ധതി നിലവിൽ വന്നാൽ കേരളം ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയിലെത്തും. എന്ത് വില കൊടുത്തും സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനം നിലനിർത്തണം. കെ.എസ്.ആർ.ടിസി വിഷയം യു.ഡി.എഫ് ഏറ്റെടുക്കുകയാണ്.
തൃക്കാക്കരയിൽ വികസന വിരുദ്ധരും വികസനവാദികളും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കോടിയേരിക്ക് തിരുവനന്തപുരത്തിരുന്ന് പറയാൻ കൊള്ളാം. എറണാകുളത്ത് വന്ന് പറയാൻ പറ്റില്ല. എറണാകുളം ജില്ലയിൽ ആരാണ് വികസനം നടത്തിയതെന്ന് തെളിയിക്കാൻ യു.ഡി.എഫ് വെല്ലുവിളിച്ചിരുന്നു. കണക്കുകൾ സഹിതമാണ് വെല്ലുവിളിച്ചത്. വിമാനത്താവളവും കലൂർ സ്റ്റേഡിയവും ഗോശ്രീപദ്ധതിയും മെട്രോ റെയിലുമൊക്കെ കൊണ്ടു വന്നപ്പോൾ സമരം ചെയ്തവരാണ് സി.പി.എമ്മുകാർ. എൽ.ഡി.എഫ് ഭരണകാലത്ത് ഈ ജില്ലയിൽ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാൻ കോടിയേരിക്ക് സാധിക്കുമോ?
പണമില്ലാത്തതിനാൽ ഒരു കാര്യവും നടത്താനാകാത്തത് കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം തൃക്കാക്കരയിലേക്ക് വന്നത്. അവർ തിരുവനന്തപുരത്ത് ഇരുന്നാലും തൃക്കാക്കരയിൽ ഇരുന്നാലും ഒരു കാര്യവുമില്ല. പക്ഷെ സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിൽ മന്ത്രിമാർ ആരുടെയൊക്കെ വീടുകളിലാണ് കയറി ഇറങ്ങുന്നതെന്ന് മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. അതൊന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ല. യു.ഡി.എഫ് നേതാക്കൾ മതവും ജാതിയും നോക്കിയല്ല വോട്ട് തേടി വീടുകളിൽ പോകുന്നത്.