രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തിൽ റെക്കോർഡ് വർധനയാണ്. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ പണപ്പെരുപ്പം 15.08%.പതിമൂന്ന് മാസമായി പണപ്പെരുപ്പം തുടരുകയാണ്.
അസംസ്കൃത എണ്ണ , ഭക്ഷ്യവസ്തുക്കൾ, ലോഹങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് ഇതിന് കാരണം. ഏപ്രിലിലെ ചില്ലറവിൽപ്പന സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പവും എട്ടുവർഷത്തെ ഉയർന്ന നിലയിലാണ്.
രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ഏപ്രിലിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ദേശീയ നാണ്യപ്പെരുപ്പ നിരക്ക് 7.79 ശതമാനമാണ്. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ചിൽ 6.95 ശതമാനമായിരുന്നു. കേരളത്തിൽ 5.08 ശതമാനംമാത്രം.
തൊട്ടുപിന്നിൽ തമിഴ്നാട് (5.4 ശതമാനം)ആണ്. 13 സംസ്ഥാനത്ത് ദേശീയ നിരക്കിനേക്കാൾ കൂടുതലാണ്. നാലു സംസ്ഥാനത്ത് ഒമ്പത് ശതമാനമോ അതിനു മുകളിലോ ആണ് വിലക്കയറ്റമെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.