വീടിനും നാടിനും കരുതലൊരുക്കി പെൺകരുത്തായ കുടുംബശ്രീ കാൽനൂറ്റാണ്ടിന്റെ കരുത്തിൽ അഭിമാനനേട്ടങ്ങളുമായി മുന്നേറുകയാണ്. മൈക്രോഫൈനാൻസിലൂടെ വായ്‌പകൾ ലഭ്യമാക്കി സ്വയംതൊഴിലിലും നവീന മാർഗം കണ്ടെത്തി കുടുംബഭദ്രത കൈവരിക്കാനും കരിവള കൈകൾക്ക് കരുത്തായി ഈ പെൺകൂട്ടായ്‌മ മാറി. ദാരിദ്രനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ ഇന്ന് നാൽപ്പത്തി അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ 25 വർഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ അത്ര ചെറുതൊന്നുമല്ല.
സ്ത്രീകളുടെ കൂട്ടായ്മയായതുകൊണ്ട് തന്നെ രണ്ടാം തരമായി പലപ്പോഴും സമൂഹം കണ്ടിരുന്ന കുടുംബശ്രീ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളത്തിന്റെ പുനരുജ്ജീവനത്തിനായി നൽകിയത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാൻ കുടുംബശ്രീ അടുക്കളയ്ക്ക് മാത്രമേ സാധിക്കൂ. ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ൽ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. സംസ്ഥാനത്ത് നായനാർ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
കുടുംബശ്രീയുടെ തുടക്കം
25 വർഷം മുമ്പ് മന്ത്രിയുടെ ഓഫീസിൽ കയറിവന്ന അജ്ഞാതയായ ഒരു ഉമ്മയിൽ നിന്നാണ് ഇന്നത്തെ കുടുംബശ്രീയുടെ തുടക്കം. അർഹയായിട്ടും തനിക്ക് വീടുനിർമിക്കാനുള്ള സഹായം കിട്ടുന്നില്ലെന്നും അനർഹനായ അയൽക്കാരൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്നുമായിരുന്നു ആലപ്പുഴക്കാരിയായ സ്ത്രീയുടെ പരാതി. സംഭവത്തിൽ വസ്തുതയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിർ മാർജനത്തിനായി ഉണ്ടായിരുന്ന അർബൻ പോവേർട്ടി എലിവിയേഷൻ സ്കീം പാടേ മാറ്റിപ്പണിയണമെന്ന റിപ്പോർട്ടിലാണ് ഇതെത്തിച്ചത്. അതിന്റെ നിയമാവലി മാറ്റാൻ ആസൂത്രണ ബോർഡ് അംഗമായിരുന്ന തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിനിടെയാണ് ഗ്രാമ-നഗര വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് മാത്രമായൊരു പദ്ധതി വേണമെന്ന ആശയം മന്ത്രി മുന്നോട്ടുവെച്ചത്. ചിലയിടങ്ങളിലുണ്ടായിരുന്ന അയൽക്കൂട്ട മാതൃകകളെ ചേർത്ത് പുതിയൊരു പദ്ധതിക്ക് തുടക്കംകുറിച്ചു. ഇതിന് മലയാളത്തിൽ തന്നെയുള്ളൊരു പേരു വേണമെന്നതും മന്ത്രിയുടെ ശാഠ്യമായിരുന്നു. മലപ്പുറത്തുവെച്ച് 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചതോടെ വിപ്ലവകരമായൊരു പ്രസ്ഥാനത്തിലേക്കാണ് കേരളത്തിലെ സ്ത്രീകൾ കാലെടുത്തുവെച്ചത്.
പരാതികളുമായി ഒട്ടേറെ സ്ത്രീകളായിരുന്നു അക്കാലത്ത് ഓഫീസിലെത്തിയിരുന്നത്; ഒട്ടേറെ പ്രശ്നങ്ങളുമായി വരുന്നവർ. ഇവയ്ക്ക് പരിഹാരമായി എന്തെങ്കിലുമൊരു സംരംഭം വേണമെന്ന കൂടിയാലോചനയിൽനിന്നാണ് കുടുംബശ്രീ പിറക്കുന്നത്. സ്ത്രീകൾക്ക് സഹായങ്ങൾ നൽകുന്നതിനുപകരം അവരെക്കൊണ്ടുതന്നെ ശക്തരായി ജീവിക്കാൻ പ്രേരിപ്പിക്കുന്നതാവണം പദ്ധതിയെന്നുണ്ടായിരുന്നു. സ്ത്രീകൾക്ക് സർവ മേഖലകളിലും കൈവെക്കാൻ ആത്മവിശ്വാസം നൽകിയ പ്രസ്ഥാനമായി കുടുംബശ്രീ പിന്നീട് വളർന്നു.
ജനകീയാസൂത്രണത്തിനു പിന്നാലെയാണ് കുടുംബശ്രീയുടെയും പിറവി. 1997-’98ലെ ബജറ്റിൽ സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷൻ എന്ന നിലയിലാണ് അന്നത്തെ ഇടതുപക്ഷസർക്കാർ കുടുംബശ്രീയുടെ രൂപവത്കരണം പ്രഖ്യാപിച്ചത്. കോമൺവെൽത്ത് അസോസിയേഷൻ ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്‌മെന്റ് ഏർപ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവർണ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ പ്രസ്ഥാനത്തെ തേടിയെത്തി.
1999 ഏപ്രിൽ 1 നാണ് കുടുംബശ്രീ പ്രവർത്തനം തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ ജന പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കൽ. കേന്ദ്ര സർക്കാർ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ സ്ത്രീജീവിതത്തിന്റെ സമസ്തമേഖലയേയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു.
2000 ജൂൺ മാസത്തോടെ ഒന്നാം ഘട്ടമായ 262 ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചു. 2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവർക്ക് സ്വയം പര്യാപ്തത നേടിയെടുക്കുവാൻ പ്രാപ്തരാക്കുക എന്ന പദ്ധതിയുടെ ചുമതല കേരളത്തിൽ കമ്യൂണിറ്റി ഡെവലപ്‌മെൻറ് സൊസൈറ്റിക്കായിരുന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ച്, ഏതെങ്കിലും ചെറുകിട സംരംഭങ്ങൾ വഴി അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കി നൽകി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു.
അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 10 മുതൽ 20 വരെ ആണ്. ഓരോ ഘടകവും അയൽക്കൂട്ടം എന്നറിയപ്പെടുന്നു. അതിൽ നിന്നും 5 അംഗങ്ങളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്. ഓരോ വാർഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയൽക്കൂട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ഡെവലപ്‌മെന്റ്‌റ് സൊസൈറ്റികൾ ആണ്. അതതു സ്ഥലത്തെ വാർഡ്/ ഡിവിഷൻ മെമ്പർ ആണ് അഉട ന്റെ ചുമതലക്കാരൻ. ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിറ്റി ഡെവലപ്‌മെന്റ്‌റ് സൊസൈറ്റികൾ (CDS ) പ്രവർത്തിക്കുന്നു.
സോപ്പും പേപ്പർബാഗും മുതൽ കേറ്ററിംഗ് സർവീസും ഡ്രൈവിംഗ് പരിശീനക്ലാസുകളും വരെ. തയ്യൽ പരീശീലനം മുതൽ വസ്ത്രനിർമാണം വരെ എണ്ണിയാൽ തീരാത്ത സാധ്യതകളാണ് സ്ത്രീകൾക്ക് മുന്നിൽ കുടുംബശ്രീ തുറന്നിട്ടത്. ജീവിതവഴിയിൽ തളർന്നു നിന്നവർ, സാമ്പത്തിക പരാധീനത അനുഭവിച്ചവർ, കുടുംബശ്രീയിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ ഏറെയാണ്. ഇരുപത്തി അഞ്ചാം വർഷത്തിലെത്തുമ്പോൾ 43 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. രണ്ടര ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങൾ, 19773 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1072 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകൾ അങ്ങനെ കുടുംബശ്രീ മുന്നേറുകയാണ്.