മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സമാന ആവശ്യമുന്നയിച്ച് പൊതുപ്രവർത്തകനായ സത്യൻ നരവൂർ സമർപ്പിച്ച ഹർജിയും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
രണ്ട് ഹർജികളിലും ജേക്കബ് തോമസിന് നോട്ടീസ് അയക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് പോർട്ട് ഡയറക്ടർ ആയിരുന്നപ്പോൾ , ടെക്നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്തെന്നാണ് വിജിലൻസ് ആരോപിച്ചിരുന്നത്. അന്വേഷണം പൂർത്തിയാക്കാൻ പോലും അനുവദിക്കാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലും വ്യക്തമാക്കി.