മോസ്കോ: നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള ഫിൻലൻഡിന്റെയും സ്വീഡന്റെയും തീരുമാനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ.
ഫിൻലൻഡിന്റെയും സ്വീഡന്റെയും പുതിയ നീക്കങ്ങൾ നിലവിലുള്ള സൈനിക സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ഇതിനാൽ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും റിയാബ്കോവ് പറഞ്ഞു.
വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് റഷ്യയുടെ അയൽരാജ്യങ്ങളായ ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന നോർഡിക് രാജ്യമായ ഫിൻലൻഡ് നേരത്തേ നിക്ഷപക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്.